ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സിൻ (Vaccine) നയത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും 45ന് താഴെയുള്ളവർക്ക് പണം നൽകി വാക്സിൻ ലഭ്യമാക്കാനുമുള്ള തീരുമാനം വിവേചനപരമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം നിലപാടുകൾ കണ്ട് നിശബ്ദമായിരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി (Supreme Court) വ്യക്തമാക്കി.
കൊവിഡിന്റെ രണ്ടാംതരംഗ വ്യാപനത്തിൽ (Covid second wave) 18നും 45നും ഇടയിലുള്ളവർക്കും രോഗവ്യാപനം കൂടുതലായിരുന്നു. 18-44 പ്രായപരിധിയിലുള്ളവർക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിൽ സൗജന്യ വാക്സിനേഷൻ (Free vaccination) നൽകുകയും 18-44 പ്രായപരിധിയിൽ ഉള്ളവർക്ക് പണം വാങ്ങി വാക്സിൻ നൽകുകയും ചെയ്യുന്നത് വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,32,788 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,83,07,832 ആയി. സജീവ കേസുകളുടെ എണ്ണം 17,93,645 ആണ്. 2,31,456 രോഗികളാണ് 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്. 2,61,79,085 പേർ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,207 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,35,102 ആയി. സജീവ രോഗികളുടെ എണ്ണം 17,93,645 ആണ്. രാജ്യത്ത് തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരെ റിപ്പോർട്ട് ചെയ്യുന്നത്. 26,500 കൊവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 21,85,46,667 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...