ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗര പൊലീസ് പട്രോളിങ് ശക്തമാക്കുകയും രാജ്യതലസ്ഥാനത്തെ അതിർത്തികൾ അടയ്ക്കുകയും ചെയ്തു. രഹസ്യാന്വേഷണ ഏജൻസികളുടെ ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടികൾ.
27,000 പോലീസുകാരെ സുരക്ഷാ ചുതലകൾക്കായി വിന്യസിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഡെപ്യൂട്ടി കമ്മീഷണർമാർ, അസിസ്റ്റന്റ് കമ്മീഷണർമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സായുധ പോലീസ് സേനാംഗങ്ങളെയും കമാൻഡോകളെയും കേന്ദ്ര സായുധ പോലീസ് സേനയിലെ (സിഎപിഎഫ്) ഓഫീസർമാരെയും ജവാൻമാരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
Also Read: Republic day | എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം; ആഘോഷത്തിനൊരുങ്ങി ഡൽഹി
മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയറും ഘടിപ്പിച്ച സിസിടിവികളും ആന്റി ഡ്രോൺ ഉപകരണങ്ങളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിക്രി, സിംഗു, ഗാസിപൂർ എന്നിവയുൾപ്പെടെ ഡൽഹിയുടെ എല്ലാ പ്രധാന അതിർത്തി മേഖലകളും അടച്ചു. അധിക പിക്കറ്റുകൾ വിന്യസിച്ചിട്ടുണ്ടെന്നും അതിർത്തി പോയിന്റുകളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരി 26 ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിൽ പ്രവേശിച്ച് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. അതിനാൽ വാണിജ്യ വാഹനങ്ങളൊന്നും രാജ്യതലസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അനുവദനീയമായ വാഹനങ്ങളും അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങളും മാത്രമേ അനുവദിക്കുവെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...