ലഖ്‌നൗ: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുവന്ന തൊപ്പി ഉത്തർപ്രദേശിന് റെഡ് അലർട്ട് ആണെന്ന് മോദി പറഞ്ഞു.
ചുവന്ന തൊപ്പി ധരിക്കുന്നവർ ചുവന്ന ബീക്കണിന് സമമാണെന്നും ഉത്തർപ്രദേശിന് റെഡ് അലേർട്ടാണെന്നും സമാജ്‌വാദി പാർട്ടി നേതാവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരഖ്പൂരിൽ പ്രസംഗത്തിനിടെ പറഞ്ഞു. എയിംസും വളം പ്ലാന്റും ഉൾപ്പെടെ മൂന്ന് പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചതിന് ശേഷം ഗോരഖ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മോദിയുടെ പരിഹാസത്തിന് മറുപടിയുമായി അഖിലേഷ് യാദവും രംഗത്തെത്തി. ബിജെപിയെ സംബന്ധിച്ചിടത്തോളം, പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകരുടെയും തൊഴിലാളികളുടെയും മോശം അവസ്ഥ, ഹത്രാസ്, ലഖിംപൂർ ഖേരി സംഭവങ്ങൾ സ്ത്രീകളെയും യുവാക്കളെയും അടിച്ചമർത്തൽ, തകർന്ന വിദ്യാഭ്യാസ സമ്പ്രദായം, ബിസിനസ്സ്, ആരോഗ്യം എന്നിവയെല്ലാം റെഡ് അലർട്ടാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.
ചുവന്ന തൊപ്പിക്കൊപ്പം ഇക്കാര്യങ്ങളും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 2022-ൽ ചുവപ്പിന്റെയും മാറ്റത്തിന്റെയും വിപ്ലവം ഉണ്ടാകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...