പ്രതാപിയായ കൽക്കട്ട നഗരത്തെ ഉപേക്ഷിച്ച് ന്യൂ ഡൽഹിയെ തലസ്ഥാനമാക്കിയത് എന്തിന്? ബ്രിട്ടൺ 4 ദശലക്ഷം പൗണ്ട് ചെലവായ തലസ്ഥാന മാറ്റത്തിന്‍റെ കഥ

ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ചാൾസ് ഹാർഡിങ്ങ് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരു പദ്ധതി മുന്നോട്ട് വച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 07:44 PM IST
  • ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ചാൾസ് ഹാർഡിങ്ങ് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരു പദ്ധതി മുന്നോട്ട് വച്ചു.
  • ഡൽഹിയിലെ ഷഹജനാബാദ് മുഗൾ ഭരണകാലഘട്ടം മുതലേ ഒരു തലസ്ഥാന നഗരം ആയിരുന്നു എങ്കിലും ബ്രിട്ടീഷുകാരെ മുഴുവൻ ഉൾക്കൊള്ളത്തക്ക വിധത്തിൽ ഇവിടം സജ്ജമായിരുന്നില്ല.
പ്രതാപിയായ കൽക്കട്ട നഗരത്തെ ഉപേക്ഷിച്ച് ന്യൂ ഡൽഹിയെ തലസ്ഥാനമാക്കിയത് എന്തിന്? ബ്രിട്ടൺ 4 ദശലക്ഷം പൗണ്ട് ചെലവായ തലസ്ഥാന മാറ്റത്തിന്‍റെ കഥ

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ ആദ്യം കണ്ണുവെക്കുകയും കീഴടക്കുകയും ചെയ്ത വിഭവസമൃദ്ധമായ പ്രവിശ്യ ആയിരുന്നു ബംഗാൾ. അതിന്‍റെ തലസ്ഥാനമായി അവർ കൽക്കട്ട നഗരത്തെ വളർത്തിയെടുത്തു. ലണ്ടൻ കഴിഞ്ഞാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ ഏറ്റവും മൂല്യമുള്ള തുറമുഖ നഗരം കൽക്കട്ടയായി മാറി. പക്ഷെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ബ്രിട്ടീഷുകാർ നൂറ്റാണ്ടുകളായി നിർമ്മിച്ച പ്രതാപിയായ കൽക്കട്ട എന്ന തലസ്ഥാന നഗരിയെ ഉപേക്ഷിച്ച് അവർ 

ഡൽഹിയെ തലസ്ഥാനമായി തെരഞ്ഞെടുത്തു. ഭരണപരമായി ഡൽഹി ഒരിക്കലും കൽക്കട്ടയെപ്പോലെ നല്ലൊരു തലസ്ഥാനം അല്ലായിരുന്നു. കൽക്കട്ടയെ അപേക്ഷിച്ച് ഡല്‍ഹിയിൽ വെള്ളത്തിന്‍റെ കുറവുണ്ടായിരുന്നു. മാത്രമല്ല കടുത്ത ചൂട് കാലവും അതിശൈത്യവും ഡൽഹിയുടെ നൂനതകളായിരുന്നു. കൽക്കട്ടയെപ്പോലെ നാവിക - തുറമുഖ സൗകര്യങ്ങൾ ഇവിടെ ഇല്ല. എന്നിട്ടും എന്തുകൊണ്ടാകാം ബ്രിട്ടൺ കൽക്കട്ടയെ ഉപേക്ഷിച്ചത് ? നമുക്ക് പരിശോധിക്കാം. 

ALSO READ :The Kashmir Files OTT Release : ദി കാശ്മീർ ഫയൽസ് ഒടിടി റിലീസ് ഉടൻ; ചിത്രം സീ 5 ലെത്തും

1905 ഒക്ടോബർ 16-ന് ബ്രിട്ടീഷുകാർ ബംഗാൾ പ്രവിശ്യയെ രണ്ടായി വിഭജിച്ചു.  മുസ്ലീം ജനവിഭാഗങ്ങൾ കൂടുതൽ പ്രദേശങ്ങളെ കിഴക്ക് ആയും ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശങ്ങളെ പടിഞ്ഞാറുമായിട്ടാണ് വിഭജിച്ചത്. 'വിഭജിച്ച് ഭരിക്കുക' എന്ന നയത്തിന് കീഴിൽ സംസ്ഥാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ബ്രിട്ടണിന്‍റെ പദ്ധതി ഇന്ത്യക്കാരുടെ ദേശീയ വികാരങ്ങളെ ജ്വലിപ്പിക്കുകയും എല്ലാ വിദേശ ചരക്കുകളും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിലേക്ക് നയിക്കുകയും ചെയ്തു. 

ഒടുവിൽ കൽക്കട്ടയിൽ ബോംബാക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നടന്നു. വിപ്ലവകാരികൾ നടത്തുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ വേറെയും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ ദേശീയതയുടെ തലസ്ഥാനമായി കൽക്കട്ട മാറി. സുഗമമായി ഭരണം നിര്‍വഹിക്കാനാകാത്ത വിധത്തിൽ കൽക്കട്ട നഗരം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് തലവേദനയായി മാറി. തുടർന്ന് അന്ന് ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ചാൾസ് ഹാർഡിങ്ങ് തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരു പദ്ധതി മുന്നോട്ട് വച്ചു. ഇത് ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമൻ അംഗീകരിക്കുകയും ബംഗാൾ വിഭജനം റദ്ദ് ചെയ്ത് തലസ്ഥാനം ഉടൻ തന്നെ ഡല്‍ഹിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഉത്തരവ് നൽകുകയും ചെയ്തു. 

ALSO READ : ഡൽഹി മോഡൽ നടപ്പാക്കാനൊരുങ്ങി പഞ്ചാബ്; എല്ലാ വീടുകളിലും സൗജന്യവൈദ്യുതി പ്രഖ്യാപിച്ച് AAP

ഇന്ത്യ എന്ന വലിയൊരു ഭൂപ്രദേശം ഭരിക്കുന്നതിന് കിഴക്കൻ നഗരമായ കൽക്കട്ടയെക്കാൾ വടക്ക് ഭാഗത്തുള്ള ഡൽഹി സൗകര്യപ്രദം ആകും എന്ന ചിന്തയും ഈ ഉത്തരവിന് പിന്നിൽ ഉണ്ടായിരുന്നു. ഡൽഹിയിലെ ഷഹജനാബാദ് മുഗൾ ഭരണകാലഘട്ടം മുതലേ ഒരു തലസ്ഥാന നഗരം ആയിരുന്നു എങ്കിലും ബ്രിട്ടീഷുകാരെ മുഴുവൻ ഉൾക്കൊള്ളത്തക്ക വിധത്തിൽ ഇവിടം സജ്ജമായിരുന്നില്ല. തുടർന്ന് ഡൽഹിയിൽ ഒരു പുതിയ തലസ്ഥാന നഗരം നിർമ്മിച്ചെടുക്കാൻ ഈസ്റ്റ് ഇന്ത്യ കമ്പനി തീരുമാനിച്ചു. ബ്രിട്ടീഷ് വാസ്തുശില്പികളായ സർ എഡ്വിൻ ലൂട്ടിയൻസും സർ ഹെർബർട്ട് ബേക്കറമാണ് പുതിയ തലസ്ഥാനത്തിന്‍റെ പുനർ രൂപകൽപ്പനയുടെ ചുമതല ഏറ്റെടുത്തത്. 

1911 ഡിസംബർ 12ന് രാജാവ് ഡൽഹി ദർബാർ എന്ന ചടങ്ങിൽ വച്ച് പുതിയ തലസ്ഥാന നഗരത്തിന് തറക്കല്ല് ഇട്ടു. പഞ്ചാബ് പ്രവിശ്യയിൽ നിന്ന് ഏറ്റെടുത്ത സ്ഥലത്താണ് തലസ്ഥാനത്തിന്‍റെ നിർമ്മാണം ആരംഭിച്ചത്. 1927 ൽ ഈ സ്ഥലത്തിന് ന്യൂ ഡൽഹി എന്ന പേര് നൽകി. മുഗൾ ഭരണ തലസ്ഥാനമായിരുന്ന ഷഹജനാബാദ് നഗരം അന്ന് മുതൽ ഓൾഡ് ഡൽഹി എന്ന് അറിയപ്പെട്ടു. നിർമ്മാണം ആരംഭിച്ചപ്പോൾ നാല് വർഷത്തിനുള്ളിൽ പുതിയ തലസ്ഥാനം തയ്യാറാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എങ്കിലും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ നിർമ്മാണം പ്രതിസന്ധിയിലായി. താൽക്കാലികമായി ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി 1912 ൽ ഒരു സെക്രട്ടേറിയേറ്റ് നിർമ്മിച്ച് സർക്കാർ ഓഫീസുകൾ അവിടെ സ്ഥാപിച്ചു. പൂർണ്ണമായും ന്യൂ ഡൽഹി നഗരം നിർമ്മിക്കുന്നതിന് 20 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 

ALSO READ : അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്ക; യുഎസ് പരാമർശങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി

1931 ഫെബ്രുവരി 13 ന് ഇർവിൻ പ്രഭു, ന്യൂ ഡൽഹി എന്ന ഇന്ത്യയുടെ പുതിയ തലസ്ഥാന നഗരം ഉദ്ഘാടനം ചെയ്തു. മുഴുവൻ ഭരണവും കൽക്കട്ടയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ബ്രിട്ടണ് ചെലവായത് ഏകദേശം നാല് ദശലക്ഷം ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു. ഇത്രയധികം പണം ചെലവാക്കിയെങ്കിലും ബ്രിട്ടീഷുകാർക്ക് ഡൽഹിയെ ഒരു ലോകോത്തര നഗരം ആക്കി വളർത്തിയെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഒൻപതു സാമ്രാജ്യങ്ങളുടെ അവശേഷിപ്പുകൾ ഉറങ്ങുന്ന ഡൽഹിയുടെ മണ്ണിൽ നിന്നും ഉടനെ തന്നെ വെള്ളക്കാരും അപ്രത്യക്ഷരായി മാറി.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News