New Delhi: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വാദം നടക്കുകയാണ്. 20ലധികം ഹര്‍ജികളാണ് ഈ വിഷയത്തില്‍ സുപ്രീംകോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിരിയ്ക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാദത്തിനിടെ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും തുടര്‍ന്ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിരവധി ചോദ്യങ്ങള്‍ സുപ്രീംകോടതി ചോദിയ്ക്കുകയുണ്ടായി. ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോള്‍ തിരികെ ലഭിക്കുമെന്നും അവിടെ നിയമസഭ തിരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു.
Also Read: INDIA Alliance Meeting: മുംബൈയിൽ ഇന്ന് നിര്‍ണ്ണായക പ്രതിപക്ഷ യോഗം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് കാതോര്‍ത്ത് രാജ്യം
ജമ്മു കശ്മീരിന്‍റെ കേന്ദ്ര ഭരണ പ്രദേശ പദവി ശാശ്വതമല്ലെന്നും എന്നാല്‍ ലഡാക്കിന്‍റെ കേന്ദ്രഭരണ പ്രദേശ പദവി തൽക്കാലം അതേപടി തുടരുമെന്നും ഈ വിഷയത്തില്‍ മോദി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, വ്യാഴാഴ്ച ജമ്മു കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് എന്ന് നടക്കും എന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുകയാണ്. അതായത്, ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചിരിയ്ക്കുന്നത്.
ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സന്നദ്ധത അറിയിച്ച കേന്ദ്ര സർക്കാർ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഏറെക്കുറെ പൂർത്തിയായതായും സുപ്രീം കോടതിയെ അറിയിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചത്. എന്നിരുന്നാലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമാണ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തിയതിയും നടപടി ക്രമങ്ങളും നിശ്ചയിക്കുക എന്നും അദ്ദേഹം അറിയിച്ചു.
ജമ്മു കാശ്മീരിനെ സംബന്ധിക്കുന്ന ഹര്‍ജികള്‍ പരിഗണിയ്ക്കുന്ന അവസരത്തില്‍ ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. 2018 ജൂൺ മുതൽ ജമ്മു കാശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ല. ദേശീയ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പങ്കുവച്ച ചീഫ് ജസ്റ്റിസ്, 2018 മുതൽ നേരിട്ട് കേന്ദ്ര സർക്കാർ ഭരണത്തിൻ കീഴിലുള്ള ഒരു പ്രദേശത്ത് ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
അറ്റോർണി ജനറലും സോളിസിറ്റർ ജനറലും ഒരു കൂട്ടം മുതിർന്ന അഭിഭാഷകരും കേന്ദ്രത്തിനായി ഹാജരാകുമ്പോള്‍ മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാകുന്നത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞ് 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുകയാണ്. തിങ്കൾ, വെള്ളി ഒഴികെ എല്ലാ ദിവസവും ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് ആണ് വാദം കേള്‍ക്കുന്നത്.
2020 മാർച്ച് 2ന് ശേഷം ഇതാദ്യമായാണ് വിഷയം സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിനോടകം ഏകദേശം 15 ദിവസത്തോളം ഈ വിഷയം കോടതി പരിഗണിച്ചു. 20ലധികം ഹര്‍ജികളാണ് ഈ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...