കന്യാകുമാരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിൽ തുടക്കം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കൈയ്യിൽ നിന്നും രാഹുൽ ഗാന്ധി ദേശീയ പതാക ഏറ്റുവാങ്ങികൊണ്ട് കന്യാകുമാരിയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ നിന്നാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. 150 ദിവസം നീണ്ട് നിൽക്കുന്ന യാത്രം 2023 ജനുവരി 30ന് കശ്മീരിൽ അവസാനിക്കും. യാത്രയ്ക്ക് തുടക്കമിടുന്നത് മുമ്പ് രാഹുൽ ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു.
2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയെ സജ്ജമാക്കാൻ ലക്ഷ്യമിട്ടാണ് എഐസിസി രാഹുലിന്റെ നേതൃത്വത്തിൽ യാത്രയ്ക്ക് തുടക്കമിടുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെ 118 സ്ഥിരം അംഗങ്ങളാണ് രാഹുലിനൊപ്പം പദയാത്രയുടെ ഭാഗമാകുക. പ്രത്യേകം തിരഞ്ഞെടുത്ത കോൺഗ്രസ് നേതാക്കളെയാണ് രാഹുലിനൊപ്പം യാത്രയ്ക്കുണ്ടാകുക. 22 നഗരങ്ങളിലായി റാലി സംഘടിപ്പിച്ച 12 സംസ്ഥാനങ്ങളുടെയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.
ALSO READ : Nitish Kumar: പ്രധാനമന്ത്രിയോ? ഞാനോ... ഊഹാപോഹങ്ങൾക്ക് മറുപടി നല്കി നിതീഷ് കുമാർ
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നവോത്ഥാനത്തിന്റെ നിമിഷമാണ് ഭാരത് ജോഡോ യാത്ര. ഈ യാത്ര കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന് വഴിവെക്കുമെന്നും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറ്റത്തിന് തുടക്കം കുറിക്കുമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്റെ സന്ദേശത്തിലൂടെ അറിയിച്ചു. ജനങ്ങളെ കേൾക്കാനാണ് ഭാരത് ജോഡോ യാത്ര. എന്ത് വില കൊടുത്താലും ദേശീയപതാകയെ സംരക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം കേന്ദ്ര ഏജൻസികളെ കാട്ടി പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ടയെന്ന അറിയിച്ചു കൊണ്ട് കോൺഗ്രസ് നേതാവ് ആഞ്ഞടിക്കുകയും ചെയ്തു.
ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 8 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന് എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍. ശേഷം 11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രതിദിനം 22 കിലോമീറ്റര്‍ ദൂരം പിന്നിടും.
ALSO READ : Sonia Gandhi's Mother : സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചു; സംസ്കാര ചടങ്ങ് ഇറ്റലിയിൽ വെച്ച് നടന്നു
അതേസമയം ശ്രീ പെരുമ്പത്തൂരിലെ തന്റെ പിതാവ് സ്മൃതിമണ്ഡപത്തിൽ മുതിർന്ന നേതാക്കളെ എല്ലാം ഒഴിവാക്കിയാണ് രാഹുൽ ഗാന്ധി എത്തിയത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും തമിഴ്നാട് പിസിസി പ്രസിഡന്റ് കെ.എസ് അഴഗിരിയുമാണ് രാഹുലിനെ അനുഗമിച്ചത്. ബോംബാക്രമണത്തിൽ രാജീവ് ഗാന്ധിക്കൊപ്പം മരിച്ചവരുടെ ബന്ധുക്കളോടും പരിക്കേറ്റവരുമായി രാഹുൽ സംവദിക്കുകയും ചെയ്തു. പിതാവിന്റെ സ്മാരക ഭൂമിയിൽ ആൽ മരം നട്ടതിന് ശേഷമാണ് രാഹുൽ കന്യാകുമാരിയിലേക്ക് തിരിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.