ചെന്നൈ: ഗർഭിണിക്ക് ചവിട്ടുപടിയായി മുതുക് നൽകിയ പൊലീസുകാർക്ക് സമൂഹമാധ്യമങ്ങളില്‍ കൈയടി.
തമിഴ്നാട് ആംഡ് റിസര്‍വിലെ ധനശേഖരന്, മണികണ്ഠന് എന്നീ പൊലീസുകാരാണ് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയ്ക്ക് മുതുക് ചവിട്ടുപടിയാക്കി നല്‍കിയത്.
ശനിയാഴ്ച രാവിലെ 10.30ക്ക് സിഗ്നല്‍ തകരാറായതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. സ്റ്റേഷനുകളില്‍ നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയത്.
അതിനാല്‍ ആളുകള്‍ക്ക് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് സഹായം അഭ്യർത്ഥിച്ചു കൊണ്ട് പൊലീസ് കണ്ട്രോള് റൂമിലേക്ക് വന്ന ഒരു ഫോണ്‍ കോളില്‍ നിന്നാണ് ഗര്‍ഭിണിയായ അമുതയുടെ കാര്യം പൊലീസുകാര്‍ അറിയുന്നത്.
താംബരത്തില്‍ നിന്നുള്ള സബര്‍ബന്‍ ട്രെയിന്‍ കോട്ട- പൂങ്കാ സ്റ്റേഷനുകളുടെ ഇടയിലാണ് സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയത്. ട്രെയിനും പാളവും തമ്മിലുള്ള ഉയരമായിരുന്നു കമ്പാര്‍ട്ട്മെന്റില്‍നിന്ന് പുറത്തിറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിന്റെ കാരണം.
Thanks, Dhanasekaran & Manikandan, for setting a great example of civic duty! https://t.co/XAs2WxTO6u
— Shashi Tharoor (@ShashiTharoor) July 23, 2018
കണ്ട്രോള് റൂമില്‍നിന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയതോടെയാണ് പട്രോളിംഗിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും സ്ഥലത്തെത്തിയത്. അമുതയുടെ കമ്പാര്‍ട്ട്മെന്റിന് സമീപത്തെത്തിയ ഇവര്‍ പടിക്കുതാഴെയായി കുനിഞ്ഞുനിന്നു. തുടര്‍ന്ന് അമുത ഇവരുടെ മുതുകത്ത് ചവിട്ടി താഴേക്കിറങ്ങുകയായിരുന്നു.
പൊലീസുകാര്‍ അമുതയെ താഴേക്കിറങ്ങാന്‍ സഹായിക്കുന്നതിന്റെ വീഡിയോ തമിഴ്നാട് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രായമായ ഒരു സ്ത്രീയെ പോലീസുകാര്‍ എടുത്തിറക്കുന്നതും വീഡിയോയിലുണ്ട്. മണികണ്ഠനെയും ധനശേഖരനെയും പൊലീസ് കമ്മീഷണര്‍ എ.കെ വിശ്വനാഥനും, ശശി തരൂര്‍ എം.പിയും അഭിനന്ദിച്ചു.