New Delhi: പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 14 മുതൽ 16 വരെ ഇന്തോനേഷ്യയിലെ ബാലി സന്ദർശിക്കും. ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി മോദി യാത്രയാകുന്നത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനപ്പെട്ട അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യും. ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റൽ ഇടപാടുകൾ എന്നിവ ഉൾപ്പെടുന്ന മൂന്ന് വർക്കിംഗ് സെഷനുകൾ ജി-20 യോഗത്തിൽ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ജി-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി ജി-20 ഗ്രൂപ്പിന്‍റെ അദ്ധ്യക്ഷനായി ചുമതലയേൽക്കുമെന്ന് ബാഗ്ചി പറഞ്ഞു. ഡിസംബർ 1 മുതൽ ഇന്ത്യ ഈ ഗ്രൂപ്പിന്‍റെ അദ്ധ്യക്ഷത വഹിക്കും.
ഇന്ത്യ G-20 യുടെ അദ്ധ്യക്ഷനാകാന്‍ പോകുകയാണെന്നും 130 കോടി ഇന്ത്യക്കാരുടെ ശക്തിയുടെയും ശേഷിയുടെയും തെളിവാണ് ഇതെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടി വെറുമൊരു നയതന്ത്ര യോഗമായിരിക്കില്ലെന്നും രാജ്യം അതിനെ ഒരു പുതിയ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോകത്തിന്‍റെ വിശ്വാസമായാണ് ഇന്ത്യ ഇതിനെ കാണുന്നത്, ഇന്ത്യയെ അറിയാനും ഇന്ത്യയെ മനസ്സിലാക്കാനുമുള്ള അഭൂതപൂർവമായ ജിജ്ഞാസയാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ജി20 ലോഗോ, തീം, വെബ്സൈറ്റ് എന്നിവയുടെ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചിരുന്നു. G-20 ലോഗോ ഇന്ത്യയുടെ ദേശീയ പതാകയുടെ തിളക്കമുള്ള നിറങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, കുങ്കുമം, വെള്ള, പച്ച, നീല. അതിൽ ഒരു താമരപ്പൂവും ഉൾപ്പെടുന്നു. ഇന്ത്യയുടെ G-20 പ്രസിഡൻസിയുടെ തീം 'വസുധൈവ കുടുംബകം' അല്ലെങ്കിൽ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ്.
ഏത് രാജ്യങ്ങളാണ് ജി-20യിലെ അംഗങ്ങള്‍?
അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...