വിവാദങ്ങള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് സിനിമ ഇന്ന് റിലീസ് ചെയ്യും. ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളിലും വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. അക്രമം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
അതിനിടയില്‍ കര്‍ണി സേനയിലെ 27 വനിതാ അംഗങ്ങള്‍ ആത്മാഹുതിക്ക് അനുവാദം ചോദിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദിനു കത്തു നല്‍കി. മധ്യപ്രദേശില്‍ രത്‌ലാമില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് രാഷ്ട്രപതിക്കുള്ള കത്തുകള്‍ കൈമാറിയത്. ഒന്നുകില്‍ ജീവനൊടുക്കാന്‍ അനുമതിയോ അല്ലെങ്കില്‍ 'പത്മാവത്' റിലീസ് തടയുകയോ ചെയ്യണമെന്നാണ് ആവശ്യം. റാണി പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണു കര്‍ണിസേന വനിതാവിഭാഗം വൈസ് പ്രസിഡന്റ് മംഗള ദിയോറയുടെ പരാതി. സിനിമയുടെ പ്രദര്‍ശനം തടഞ്ഞ് റാണിയുടെ മാനം കാക്കാന്‍ സാധിക്കാത്തതിനാല്‍ ആത്മഹത്യയ്ക്ക് അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം.
അതിനിടെ ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് സിനിമക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായത്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് ആക്രമിച്ചു. നിരവധി വാഹനങ്ങളും മള്‍ട്ടിപ്ലക്‌സുകളും തകര്‍ത്തു. നിരോധനാജ്ഞ ലംഘിച്ചെത്തിയ കര്‍ണിസേന പ്രവര്‍ത്തകര്‍ പ്രധാന പാതകളിലെ ഗതാഗതം തടസ്സപ്പെടുത്തി.
ഹരിയാനയിലെ അക്രമ സംഭവങ്ങളില്‍ മുപ്പതോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജമ്മു കശ്മീരില്‍ തീയറ്ററിന് നേരെ ആക്രമണമുണ്ടായി. ഉത്തര്‍പ്രദേശിലെ മധുരയില്‍ ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ട്രെയിന്‍ തടഞ്ഞിരുന്നു.
ഉത്തര്‍പ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പ്രതിഷേധം ശക്തമായതോടെ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യവ്യാപകമായി 4800 ഓളം കേന്ദ്രങ്ങളിലാണ് പദ്മാവത് സിനിമ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചില കേന്ദ്രങ്ങളില്‍ ചിത്രത്തിന്‍റെ പ്രിവ്യു പ്രദര്‍ശനം നടന്നിരുന്നു.
#TopStory #Padmaavat to release today amidst high security in theaters pic.twitter.com/bSemV8g95s
— ANI (@ANI) January 25, 2018