ന്യൂ ഡൽഹി : മഹരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി. നാളെ ജൂൺ 30 വ്യാഴാഴ്ച വിശ്വാസവോട്ടൊടുപ്പ് നടത്തണമെന്ന് ഗവർണറുടെ തീരുമാനത്തിന് രാജ്യത്തെ പരമോന്നത കോടതി സ്റ്റേ നൽകിയില്ല. ഇതോടെ സുപ്രീം കോടതി നാളെ വിശ്വാസവോട്ടെടുപ്പ് നൽകാൻ അനുമതി നൽകുകയായിരുന്നു.
അതേസമയം സുപ്രീം കോടതിയും വിശ്വാസവോട്ടെടുപ്പിന് വിധിക്കുകയാണെങ്കിൽ താൻ രാജിവക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചിരുന്നു. ഇന്ന് വൈകിട്ട് കൂടിയ മന്ത്രിസഭ യോഗത്തിലാണ് താക്കറെ തന്റെ നിലപാട് അറിയിച്ചത്.
ഉദ്ദവ് താക്കറെ രാജിവച്ചു
മഹരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അവസാനം കുറിച്ച് മുഖ്യമന്ത്രി സ്ഥാനം ഉദ്ദവ് താക്കറെ രാജിവച്ചു. നാളെ വ്യാഴാഴ്ച മഹാ വികാസ് അഘാടി സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന് സുപ്രീം കോടതിയുടെ വിധിയുടെ പിന്നാലെയാണ് താക്കറെയുടെ രാജി. ഫേസ്ബുക്ക് ലൈവിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ശിവസേന നേതാവ് തന്റെ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ എംഎൽസി സ്ഥാനവും താക്കറെ രാജിവച്ചു. രാജിക്കത്ത് മന്ത്രിയുടെ കൈവശം രാജ്ഭവനിലെത്തിച്ചു.
അതേസമയം മഹാ വികാസ് അഘാടിയുടെ ഭാഗമായ കോൺഗ്രസിനും എൻസിപിക്കും താക്കറെ നന്ദി അറിയിക്കുകയും ചെയ്തു. ബാൽസാഹേബിന്റെ ആശങ്ങൾക്ക് പ്രഥമ പരിഗണന നൽകാൻ സാധിച്ചു. താൻ ചെയ്തത് എല്ലാം മറാത്തക്കാർക്കും ഹിന്ദുക്കൾക്കും വേണ്ടിയെന്നും താക്കറെ. മുഖ്യമന്ത്രിപദം ഒഴിയുന്നതിൽ തനിക്ക് ദുഃഖമില്ലെന്നും താക്കറെ തന്റെ പ്രസംഗത്തിലൂടെ അറിയിച്ചു.
രണ്ട് വർഷവും 213 ദിവസത്തെ ഭരണത്തിനാണ് ഇന്ന് ജൂൺ 29ന് അന്ത്യം കുറിക്കുന്നത്. വൈകാരിക പ്രസംഗത്തിലൂടെയായിരുന്നു ഉദ്ദവിന്റെ രാജി പ്രഖ്യാപനം. ഒപ്പം നിന്നവർ തന്നെ ചതിച്ചുയെന്നും ബാൽസാഹേബ് വളർത്തിയവർ മകനെ പിന്നിൽ നിന്നും കുത്തി തുടങ്ങിയ വൈകാരിക വാക്കുകൾ ഉപയോഗിച്ചുകൊണ്ട് സേന അണികളെ ലക്ഷ്യംവച്ചായിരുന്നു താക്കറെയുടെ പ്രസംഗം.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.