ന്യൂഡല്‍ഹി: സൂര്യനില്‍നിന്ന് ഓം മന്ത്രം കേള്‍ക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ (NASA) കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി!!
NASAയുടെ കണ്ടുപിടുത്തമെന്ന പേരില്‍ കിരണ്‍ ബേദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സൂര്യന് ഓം മന്ത്രം ഉരുവിടുന്നതായുള്ള ഈ അവകാശവാദം.
ഏകദേശം ഒരു വർഷത്തോളം മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് പഴകിയ NASAയുടെ പേരിലുള്ള ഒരു വ്യാജ വീഡിയോയാണ് ഇവർ ട്വീറ്റ് ചെയ്തത്. നാസ സൂര്യന്‍റെ ശബ്ദം റെക്കോഡ് ചെയ്തെന്നും അത് "ഓം" എന്നാണെന്നുമായിരുന്നു അന്ന് ആ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഈ വീഡിയോ രണ്ട് ദിവസം മുന്‍പ് പങ്കു വച്ച കിരൺ, 'സൂര്യൻ ഓം എന്നുച്ചരിക്കുന്നത് NASA റെക്കോര്‍ഡ് ചെയ്തു' എന്ന് തലക്കെട്ടും നൽകി. സൂര്യന്റെയും ഓം മന്ത്രത്തിന്റെയും ശിവന്റെയും വിവിധ ചിത്രങ്ങള്‍ സഹിതമുളള വീഡിയോ സഹിതമാണ് കിരണ്‍ ബേദിയുടെ ട്വീറ്റ്...!!
— Kiran Bedi (@thekiranbedi) January 4, 2020
എന്നാല്‍, സോഷ്യല്‍ മീഡിയ പരിഹാസംകൊണ്ട് കിരണ്‍ ബേദിയെ പൊതിഞ്ഞു എന്നുവേണമെങ്കില്‍ പറയാം. നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഒപ്പം NASA പുറത്തുവിട്ടതെന്ന് പറയപ്പെടുന്ന വീഡിയോയും ചിലര്‍ കിരണ്‍ ബേദിക്കായി പങ്കുവയ്ക്കുന്നുണ്ട്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സത്യാവസ്ഥ തിരക്കാതെ വീഡിയോ പോസ്റ്റ് ചെയ്തതാണ് ചിലർ ചോദ്യം ചെയ്യുന്നത്. സൂര്യന്‍റെ ശബ്ദം റെക്കോഡ് ചെയ്ത NASA യ്ക്ക് നന്ദി.. ഞങ്ങളുടെ ISRO എന്തു ചെയ്യുകയാണെന്നറിയില്ല എന്നായിരുന്നു മറ്റൊരു കമന്‍റ്. ഇപ്പോഴത്തെ കാലത്ത് ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇങ്ങനെയെല്ലാം ചെയ്യേണ്ടിവരുന്നത് പരിതാപകരമാണ് എന്നായിരുന്നു മറ്റൊരു കമന്‍റ്. ഒരിക്കല്‍ എല്ലാവരും ആരാധിച്ചിരുന്ന ഒരു വനിതാ ഐപിഎസ് കാരിയുണ്ടായിരുന്നു. ഇപ്പോള്‍ അവസ്ഥ മോശമാണെന്നാണ് ചിലരുടെ പരാതി.