ന്യൂഡല്‍ഹി: വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോറോണ വാക്സിൻ ഇന്ത്യയിൽ നവംബറോടെ എത്തുമെന്ന് റിപ്പോർട്ട്. ഇതിന്റെ വില 1000 രൂപയാണെന്ന്
ഓക്സ്ഫഡ് സര്‍വകലാശാലയുടെ ഇന്ത്യന്‍ പങ്കാളികളായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല അറിയിച്ചു. ക്ലിനിക്കല്‍ ട്രയലിനൊപ്പം തന്നെ കോവിഷീല്‍ഡിന്റെ നിര്‍മാണവും ആരംഭിച്ചിരുന്നു.
മാത്രമല്ല പരീക്ഷണം നടത്താത്ത മരുന്നിനായി 200 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 1500 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനം വെറും 30 മിനിറ്റിനുള്ളിലാണ് സ്വീകരിച്ചതെന്ന് അദര്‍ പൂനവാല പറഞ്ഞു. രണ്ടും മൂന്നുംഘട്ട ട്രയലുകള്‍ പരാജയപ്പെട്ടാല്‍ നിര്‍മിച്ച മുഴുവന്‍ മരുന്നും നശിപ്പിച്ചു കളയേണ്ടിവരുമെന്ന വെല്ലുവിളിയാണു മുന്നിലുളളത്.
ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യമാണ് ഉണ്ടായിരുന്നത്. എങ്കിലും വെറും 30 മിനിട്ടിനുള്ളില്‍ തന്നെ മുന്നോട്ടുപോകാനുള്ള തീരുമാനം ഏകകണ്ഠമായി എടുക്കുകയായിരുന്നുവെന്നും അദര്‍ പൂനവാല പറഞ്ഞു.
Also read: കോവിഡ്-19ന് പിടികൊടുക്കാതെ ചില രാജ്യങ്ങള്‍...!!
ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യഘട്ടത്തില്‍ വാക്സിന് ശുഭകരമായ ഫലമാണു നല്‍കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശരീരത്തില്‍ ആന്റിബോഡിക്കൊപ്പം വൈറസിനെ നശിപ്പിക്കുന്ന ടി-സെല്ലുകള്‍ കൂടി ഉത്പാദിപ്പിക്കപ്പെടുന്നത് ഇരട്ടസംരക്ഷണം നല്‍കും. മാത്രമല്ല വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും പ്രകടിപ്പിക്കുന്നില്ലയെന്നത് നല്ലൊരു സൂചനയാണെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യയില്‍ എല്ലാവരിലേക്കും വാക്സിന് എത്തിക്കാന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ ഇന്ത്യയില്‍ മൂന്നാം ഘട്ട വാക്സിന് പരീക്ഷണം ഏറെ പ്രതീക്ഷയോടെയാണ് നടത്തുന്നതെന്ന് അദര്‍ പൂനവാല പറഞ്ഞു. രണ്ടര മാസത്തിനുള്ളില്‍ അത് പൂര്‍ത്തിയാകും.
ട്രയല്‍ പോസിറ്റീവായി ഡ്രഗ് കണ്ട്രോളര് അനുമതി നല്കിയാല് നവംബറില്‍ വാക്സിന് ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്സിന് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.