New Delhi: മഴക്കുറവ് രാജ്യത്തെ കരിമ്പ് ഉൽപാദനത്തെ ബാധിച്ച സാഹചര്യത്തിൽ ഒക്ടോബർ മുതൽ ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുമെന്ന് സൂചന. മൂന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്.
Also Read: Rice Price: രാജ്യത്ത് അരിവില ഉടന്‍ കുറയും, കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം
കഴിഞ്ഞ 7 വര്‍ഷത്തോളമായി പഞ്ചസാര കയറ്റുമതിയില്‍ സംഭവിക്കാത്ത ഒരു കാര്യമാണ് ഉടന്‍ സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തുന്നത് ആഗോള ബെഞ്ച്മാർക്ക് വില വർദ്ധിപ്പിക്കുകയും ആഗോള ഭക്ഷ്യ വിപണിയിലെ പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും.
മഹാരാഷ്ട്രയിലും കർണാടകയിലും മൺസൂൺ മഴ ശരാശരിയിൽ 50 ശതമാനത്തോളം കുറവായിരുന്നു. മഴയുടെ അഭാവം കരിമ്പ് ഉൽപ്പാദനത്തെ സാരമായി ബാധിച്ചു.
വരാനിരിക്കുന്ന 2023/24 സീസണിൽ ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനം 3.3 % ഇടിഞ്ഞ് 31.7 ദശലക്ഷം ടണ്ണായി കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടെ മുൻ സീസണിൽ 11.1 ദശലക്ഷം ടൺ പഞ്ചസാര കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ സീസണിൽ 6.1 ദശലക്ഷം ടൺ പഞ്ചസാര മാത്രം കയറ്റുമതി ചെയ്യാൻ രാജ്യം മില്ലുകൾക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനിടെ പ്രാദേശിക പഞ്ചസാര ആവശ്യങ്ങൾക്കും മിച്ചമുള്ള കരിമ്പിൽ നിന്നുള്ള എത്തനോൾ ഉൽപാദനത്തിനും മുൻഗണന നൽകുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.
'പ്രാഥമിക ശ്രദ്ധ പ്രാദേശിക പഞ്ചസാര ആവശ്യകത നിറവേറ്റുകയും മിച്ചമുള്ള കരിമ്പിൽ നിന്ന് എത്തനോൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ്, വരാനിരിക്കുന്ന സീസണിൽ, കയറ്റുമതിയ്ക്കായി നീക്കിവയ്ക്കാൻ ആവശ്യമായ പഞ്ചസാര ഉണ്ടാകില്ല', സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞ സീസണിൽ റെക്കോർഡ് 11.1 ദശലക്ഷം ടൺ വിൽക്കാൻ അനുവദിച്ചതിന് ശേഷം, സെപ്റ്റംബർ 30 വരെയുള്ള നിലവിലെ സീസണിൽ 6.1 ദശലക്ഷം ടൺ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുവദിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. 2016-ൽ, വിദേശ വിൽപന തടയുന്നതിനായി ഇന്ത്യ പഞ്ചസാര കയറ്റുമതിക്ക് 20% നികുതി ചുമത്തിയിരുന്നു.
നിലവിൽ, വിലക്കയറ്റത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തിനകത്ത് മതിയായ വിതരണവും സ്ഥിരമായ വിലയും ഉറപ്പാക്കാനുള്ള പദ്ധതികളും കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുകയാണ്.