ന്യൂഡല്‍ഹി: ലഡാക്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.
ലഡാക്കില്‍ രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ആരംഭിച്ച 'SpeakUpForOurJawans'ക്യാംമ്പയിനുമായി ബന്ധപ്പെട്ട് പോസ്റ്റു ചെയ്ത വീഡിയോ സന്ദേശത്തിലാണ് സര്‍ക്കാരിനെതിരെ പാര്‍ട്ടി അദ്ധ്യക്ഷയുടെ വിമര്‍ശനങ്ങള്‍. 3 വീഡിയോ സന്ദേശങ്ങളാണ് ഒന്നിന് പിറകെ മറ്റൊന്നായി പോസ്റ്റു ചെയ്തിരിക്കുന്നത്.
നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല. ലഡാക്കിലെ സാഹചര്യങ്ങളെ സംബന്ധിച്ച് രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോ സന്ദേശത്തിലൂടെ സോണിയ ഗാന്ധി ആവശ്യപ്പെട്ടു.
'പ്രധാനമന്ത്രി പറയുന്നത് പോലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് ചൈന കടന്നുകയറ്റം നടത്തിയിട്ടില്ലെങ്കില്‍ നമ്മുടെ 20 സൈനികര്‍ എങ്ങനെയാണ് രക്തസാക്ഷിത്വം വരിച്ചത്? പ്രധാനമന്ത്രി അവകാശപ്പെടുന്നത് പോലെ ലഡാക്കിലുള്ള നമ്മുടെ ഭൂമി ചൈന പിടിച്ചെടുത്തിട്ടില്ലായെന്ന് അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു....ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സങ്കീര്‍ണ്ണമായ സാഹചര്യം നിലനില്ക്കുമ്പോള് അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞ് നില്‍ക്കാനാവില്ല..' സന്ദേശത്തില്‍ സോണിയ പറയുന്നു.
'എപ്പോള്‍ എങ്ങനെയാണ് ലഡാക്കിലെ നമ്മുടെ ഭൂമി ചൈനയില്‍ നിന്നും മോദി സര്‍ക്കാര്‍ തിരികെ പിടിക്കുക? ലഡാക്കിലെ നമ്മുടെ സമഗ്ര ഭൂപ്രദേശത്ത് ചൈന ലംഘനം നടത്തിയിട്ടുണ്ടോ ? അതിര്‍ത്തിയിലെ സാഹചര്യത്തെ പറ്റി പ്രധാനമന്ത്രി ജനങ്ങളെ വിശ്വാസത്തിലെടുക്കുമോ ? സോണിയ ഗാന്ധി ചോദിക്കുന്നു.. സൈന്യത്തിന് പൂര്‍ണ്ണ പിന്തുണയും കരുത്ത് സര്‍ക്കാര്‍ നല്‍കണമെന്നും അതാണ് ശരിയായ ദേശസ്നേഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചൈന ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നു കയറുകയോ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തില്‍ നമ്മുടെ ഭൂപ്രദേശത്ത് ചൈനീസ് ട്രൂപ്പുകളുടെ സാന്നിധ്യം കണ്ടതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തി ചില വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്..
Rajiv Gandhi Foundationന് നേരെ ബിജെപി ആക്രമണം അഴിച്ചു വിട്ടതിന് പിന്നലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. Rajiv Gandhi Foundationന് ചൈനയില്‍ നിന്നും ഒപ്പം ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയിൽനിന്നും സംഭാവനകള്‍ ലഭിക്കുന്നതായി ബിജെപി ആരോപിച്ചു. ഈ സംഭാവനകളാണ് ചൈനയെ പിന്തുണയ്ക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത് എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.