ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. യൂണിയൻ ബജറ്റ് തത്സമയം കാണുന്നതിനും വിശദ വിവരങ്ങൾ അറിയുന്നതിനും എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. യൂണിയൻ ബജറ്റ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഈ ബജറ്റിന്റെ എല്ലാ അപ്ഡേറ്റുകളും ലഭ്യമാകും. ഈ ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് കേന്ദ്ര സർക്കാർ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ പൊതുജനങ്ങൾക്കും എംപിമാർക്കും സാധാരണ രീതിയിൽ പേപ്പറിലാണ് ലഭ്യാക്കാറുള്ളത്. എന്നാൽ ഇത്തവണ ഇത് ആപ്പിലൂടെ ആയിരിക്കും ലഭ്യമാകുക. പാർലമെന്റിൽ അവതരിപ്പിച്ചതിന് ശേഷം 2022ലെ കേന്ദ്ര ബജറ്റ് ഈ ആപ്പിൽ ലഭ്യമാകും. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് ബജറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനാകും.
യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അത് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ പുറത്ത് വിട്ട ആപ്പ് ആണെന്ന കാര്യം ഉറപ്പ് വരുത്തണം. പുതിയ കേന്ദ്ര ബജറ്റ് മൊബൈൽ ആപ്പ് ഔദ്യോഗിക യൂണിയൻ ബജറ്റ് വെബ് പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിലും ഇത് ലഭ്യമാണ്. ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ ഈ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനും സംവിധാനം ഉണ്ട്. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട 14 രേഖകളിലേക്ക് യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് ആക്സസ് നൽകും. ഈ രേഖകളിൽ ഭരണഘടനാ പ്രകാരമുള്ള വാർഷിക സാമ്പത്തിക പ്രസ്താവന, ബജറ്റ്, ധനകാര്യ ബിൽ, ബജറ്റ് പ്രസംഗം, ഗ്രാന്റുകൾക്കുള്ള ആവശ്യം മുതലായവ ഉണ്ടായിരിക്കും.
മുകളിൽ സൂചിപ്പിച്ച രേഖകൾ എല്ലാം തന്നെ പിഡിഎഫ് ഫോർമാറ്റിലാണ് ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ലഭ്യമാകുന്നത്. പിഡിഎഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും കഴിയും. യൂണിയൻ ബജറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. ഘട്ടം 1: നിങ്ങൾ ഉപയോഗിക്കുന്ന മൊബൈലിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് പ്ലേ സ്റ്റോർ ഓപ്പൺ ചെയ്യുക ഘട്ടം 2: യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് സെർച്ച് ചെയ്യുക ഘട്ടം 3: എൻഐസി e-gov മൊബൈൽ ആപ്പുകളിൽ യൂണിയൻ ബജറ്റ് ആപ്പ് തിരഞ്ഞെടുത്ത് ഇൻസ്റ്റാൾ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...