മിന്നലാക്രമണം ഇന്ത്യന്‍ സൈന്യം നടത്തിയതെങ്ങനെയെന്ന്‍ ഇവിടെ അറിയാം

നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തിലൂടെ പാകിസ്താന് വ്യക്തമായ മുന്നറിയിപ്പാണ് ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നത്. കശ്മീരില്‍ രണ്ട് പതിറ്റാണ്ടിനിടെ പാക് പിന്തുണയോടെ നടത്തിയ ഭീകരാക്രമണങ്ങളില്‍ ഏറ്റവും ഭീതിയേറിയ ആക്രമണമായിരുന്നു ഉറി സൈനിക താവളത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നത്.

Last Updated : Sep 29, 2016, 05:21 PM IST
മിന്നലാക്രമണം ഇന്ത്യന്‍ സൈന്യം നടത്തിയതെങ്ങനെയെന്ന്‍ ഇവിടെ അറിയാം

ന്യൂഡൽഹി: നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ അപ്രതീക്ഷിത കടന്നാക്രമണത്തിലൂടെ പാകിസ്താന് വ്യക്തമായ മുന്നറിയിപ്പാണ് ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നത്. കശ്മീരില്‍ രണ്ട് പതിറ്റാണ്ടിനിടെ പാക് പിന്തുണയോടെ നടത്തിയ ഭീകരാക്രമണങ്ങളില്‍ ഏറ്റവും ഭീതിയേറിയ ആക്രമണമായിരുന്നു ഉറി സൈനിക താവളത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നത്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തില്‍ കടുത്ത വിള്ളലുകള്‍ രൂപപ്പെടുകയും ശക്തമായ ഭാഷയിലുള്ള വാക് പോരും തുടര്‍ന്നിരുന്നു. അത്തരമൊരു സാഹചര്യത്തിനിടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത്. 

തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പുലര്‍ച്ചെ 12.30 മുതല്‍ 4.30 വരെയാണ് ഇന്ത്യന്‍ സൈന്യം കടന്ന് കയറി പ്രത്യാക്രമണം നടത്തിയത്. രാത്രി 12.30ന് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യൻ സൈനിക ഹെലികോപ്റ്ററുകൾ പറന്നുയര്‍ന്നു. പാക് സൈനികരുടെ റഡാറില്‍ തെളിയാതിരിക്കാന്‍ വളരെയധികം താഴന്നാണ് ഇന്ത്യൻ സൈനിക ഹെലികോപ്റ്ററുകൾ പറന്നത്.   നിയന്ത്രണ രേഖയില്‍ നിന്നും 500 മീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെയുള്ള പാക് മേഖലയിലാണ് ഇന്ത്യന്‍ സൈന്യം കടന്ന് കയറിയത്. 

ഉറി ആക്രമണത്തിന് ശേഷം സുരക്ഷ ശക്തമാക്കിയ പാകിസ്ഥാന്‍റെ നടപടി വ്യക്തമായി അറിയാവുന്നതുകൊണ്ട് ഒട്ടും സമയം കളയാതെ ഭീകരര്‍ സ്ഥിതിചെയ്യുന്ന ക്യാമ്പുകള്‍ക്ക് അടുത്ത പറന്നിറങ്ങിയ ശേഷം മിന്നല്‍ വേഗത്തില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ട 38 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഇതോടെ, പാകിസ്താന്‍ വ്യക്തമായ മുന്നറിയിപ്പാണ് ഇന്ത്യന്‍ പ്രത്യാക്രമത്തിലൂടെ ഇന്ത്യ നല്‍കുന്നത്. ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. 

 ഇന്ത്യന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് കേന്ദ്രം സര്‍വ്വകക്ഷി സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. നിയന്ത്രണരേഖയില്‍ തുടരുന്ന സാഹചര്യങ്ങളെയും സുരക്ഷയെയും വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ കാബിനറ്റ് യോഗം ചേരും.  റിപ്പോര്‍ട്ടുകള്‍ പ്രകാരം, പാകിസ്താനുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ നിന്നും 10 കിലോമീറ്ററോളം ജനങ്ങളെ സുരക്ഷ കാരണങ്ങളാല്‍ സൈന്യം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ഉറിയിൽ പൊലിഞ്ഞ സൈനികരുടെ ജീവന് പകരം ചോദിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. മോദിയുടെ വാക്കിന് തോക്കുകൊണ്ട് മറുപടി നൽകിയ ഇന്ത്യൻ സേന രാജ്യത്തിന് ഏറെ അഭിമാനമായിരിക്കയാണ്. കൃത്യമായ ആസൂത്രണത്തോടെയുള്ള ഇന്ത്യൻ തിരിച്ചടിയിൽ പാക് സേനയും ശരിക്കും പകച്ചുപോയി എന്ന് തന്നെ പറയേണ്ടി വരും. 

പാക് അധീനകാശ്മീരിനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ സൈന്യം അതിർത്തി കടന്നിട്ടില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാൻ ആശ്വാസിക്കുന്നതും. എന്നാൽ ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിനു നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി നൽകുമെന്ന മോദിയുടെ വാക്കുകളെ ശരിവച്ചാണ് ഇന്ത്യൻ സേന ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രണം നടത്തിയത്.

മ്യാന്മാർ തീവ്രവാദികൾ ഇന്ത്യൻ അതിർത്തിയിൽ അശാന്തി വിതയ്ക്കുന്ന സമയത്തായിരുന്നു ഇതുപോലൊരു മിന്നല്‍ ആക്രമണം ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അന്ന്‍ അതിവിഗദ്ധമായി ഇന്ത്യൻ സേനയിലെ സ്‌പെഷ്യൽ ഫോഴ്‌സസ് അതിർത്തിപ്പുറത്തേക്ക് പറന്നിറങ്ങി മ്യാന്മാറിലെ തീവ്രവാദ കേന്ദ്രങ്ങളെല്ലാം നിലംപരിശാക്കിയാണ് തിരിച്ചെത്തിയത്. 

അതിർത്തി കടന്ന് ഏഴ് തീവ്രവാദ കേന്ദ്രങ്ങൾ നിലംപരിശാക്കുകയും പാക് സേനയ്ക്ക് തന്നെ ആൾനാശം ഉണ്ടാക്കുകയും ചെയ്ത് ഈ വിവരം പാക് സൈനിക വൃത്തങ്ങളെ വിളിച്ചറിയിച്ചാണ് സ്‌പെഷ്യൽ ഫോഴ്‌സസ് രാജ്യത്തിന്റെ ഹീറോകളായി മാറിയത്.

Trending News