ഡൽഹി: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ 93 നിയമസഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് സമാപിക്കും. വിവിധ പാർട്ടികളുടെ ദേശീയ നേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമായിരുന്നു. സംസ്ഥാനത്ത് ഭരണതുടർച്ച നേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രിയുടെ റാലികളിൽ അണിനിരക്കുന്ന വൻജനാവലി സർക്കാരിനുള്ള പിന്തുണയായാണ് ബിജെപി വിലയിരുത്തുന്നത്.
പ്രധാനമന്ത്രിയേ കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നിരവധി നേതാക്കളെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം.
ബിജെപി പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസ് പ്രചാരണത്തിന് എത്താൻ ദേശീയ നേതാക്കൾ മടിച്ചു. രാഹുൽ ഗാന്ധി ഒരേ ഒരു ദിവസം മാത്രമാണ് ഗുജറാത്തിൽ പ്രചാരണത്തിന് എത്തിയത്. രാഹുലിന്റെ ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നുപോലുമില്ല. സോണിയയും ഗുജറാത്തിൽ എത്തിയിട്ടില്ല.
AICC അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തുടങ്ങിയ നേതാക്കൾ മാത്രമാണ് ദേശീയ നേതാക്കളായി ഗുജറാത്തിലെത്തിയത്. കോൺഗ്രസ് വോട്ടുകൾ ആം ആദ്മി പാളയത്തിൽ എത്തുമോ എന്ന ആശങ്കയും കോൺഗ്രസ് നേതാക്കൾക്കുണ്ട്. 89 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായിരുന്നു. 63.31 ശതമാനമായിരുന്നു ഒന്നാം ഘട്ടത്തിലെ പോളിംഗ് നിരക്ക്. മറ്റന്നാളാണ് രണ്ടാം ഘട്ട വോട്ടിംഗ് നടക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.