ന്യൂ ഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചു. പെട്രോളിന് 8 രൂപയും, ഡീസലിന് 6 രൂപയുമാണ് കുറച്ചിരിക്കുന്നത്. നാളെ മുതൽ വിലക്കുറവ് നിലവിൽ വരും. വിപണിയിൽ പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും. കൂടാതെ പാചക വാതക സിലിണ്ടറിന് സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. 200 രൂപ സബ്‌സിഡിയാണ് പാചക വാതക സിലിണ്ടറിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ വരുന്ന 9 കോടി ജനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. ഒരു വര്ഷം 12 സബ്‌സിഡി സിലിണ്ടറുകൾ ഉജ്ജ്വല പദ്ധതി പ്രകാരം ലഭിക്കും.
രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പണപ്പെരുപ്പത്തെ തുടർന്ന് അരിയടക്കമുള്ള സാധനങ്ങളുടെ വില ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് കേന്ദ്രസർക്കാർ പുതിയ നടപടി സ്വീകരിച്ചത്. നിർമ്മാണമേഖലയിലടക്കം വിലക്കയറ്റം തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കാർഷിക രംഗത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വളത്തിന് നൽകുന്ന സബ്‌സിഡി ഉയർത്തിയിട്ടുണ്ട്. ഇതിനായി 1.05 ലക്ഷം കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇത് സബ്സിഡിയായി നൽകുന്നതോടെ വളത്തിന്റെ വില കുറയുകയും കർഷകർക്ക് ആശ്വാസമാകുകയും ചെയ്യും. ഇതിനോടൊപ്പം തന്നെ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കായി ഉള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കസ്റ്റംസ് തീരുവയും കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...