New Delhi: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക നടത്തുന്ന സമരം അടുത്ത ഘട്ടത്തിലേയ്ക്ക്... ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയാനൊരുങ്ങി പ്രതിഷേധക്കാര്‍
ഫെബ്രുവരി 18ന് 'റെയില്‍ രോക്കോ' (Rail Roko) എന്ന പേരില്‍ നടത്തുന്ന പ്രതിഷേധത്തില്‍ നാല് മണിക്കൂറാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുക. ഉച്ചയ്ക്ക് 12 മണി മുതല്‍ 4 മണി വരെയാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം നടക്കുകയെന്ന് സംയുക്ത കിസാന്‍ സമിതി അറിയിച്ചു.
അതേസമയം, ഫെബ്രുവരി 12ന് രാജസ്ഥാനില്‍ ടോള്‍ പിരിവ് തടയുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ, മൂന്ന് മണിക്കൂര്‍ റോഡ് ഉപരോധിച്ചും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന് ശേഷം കര്‍ഷക നേതാവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.
ഫെബ്രുവരി 12 മുതല്‍ പഞ്ചാബ്, ഹരിയാന മാതൃകയില്‍ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഫെബ്രുവരി 14ന് മെഴുകുതിരി റാലി നടത്തും. 16ന് ഛോട്ടുറാം ജന്മദിന വാര്‍ഷികം സംഘടിപ്പിക്കും. പതിനെട്ടിന് ഉച്ചയ്ക്ക് 12മുതല്‍ നാലുവരെ ദേശവ്യാപകമായി ട്രെയിന്‍ തടയും.', അദ്ദേഹം പറഞ്ഞു.
കര്‍ഷക സമരത്തെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജ്യമെമ്പാടും സമരം വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചത്. നേരത്തെ, പ്രതിഷേധം നടത്തുന്നവര്‍ സമരജീവികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു.
ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുകയാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
ഒക്ടോബര്‍ രണ്ട് വരെ കര്‍ഷകസമരം തുടരുമേന്നതിനര്ത്ഥം അതിന് ശേഷം സമരം പിന്‍വലിക്കുമെന്നല്ല. പിന്നീട് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കര്‍ഷകര്‍ സമരങ്ങളില്‍ തുടരുമെന്നും രാകേഷ് ടികായത് പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഇതുവരെ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെല്ലാം ഫലംകാണാതെ പരാജയപ്പെട്ടിരുന്നു.