അപ്രതീക്ഷിത ക്ലൈമാക്സ് ട്വിസ്റ്റോടെയാണ് മഹാരാഷ്ട്രയിലെ രാഷട്രീയ പ്രതിസന്ധിക്ക് തിരശീല വീഴാൻ ഒരുങ്ങുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉദ്ദവ് താക്കറെയുടെയും ശിവസേന പാർട്ടിയുടെയും ഏറ്റവും വിശ്വസ്തനായിരുന്ന നേതാവ് 30തിൽ അധികം എംഎൽഎമാരുമായി ഗുജറാത്തിലെ സൂറത്തിൽ നിന്നും പിന്നീട് അസമിൽ നിന്നും വിമത ശബ്ദം ഉയർത്തിയപ്പോൾ, അന്ന് രാജ്യമൊട്ടാകെ ചോദ്യമുയർത്തിയത് ആർക്കാണ് മുംബൈയുടെ ശക്തനായ നേതാവായിരുന്ന ബാൽ താക്കറെയുടെ മകനെക്കാളും ശിവസേനയിൽ ഇത്രയധികം പിന്തുണയുള്ളത്. അതെ അത് ഏക്നാഥ് ഷിൻഡെയാണ്.
താക്കറെ കുടുംബത്തെ ഭയപ്പെടുത്തിയ രണ്ടാമത്തെ താനെക്കാരൻ
താനെ ജില്ലയിൽ ശിവസേന എന്ന് പറഞ്ഞാൽ ഇപ്പോൾ ഏക്നാഥ് ഷിൻഡെയാണ്. രാഷ്ട്രീയ ഗുരുവായ ആനന്ദ് ഡിഗെയ്ക്ക് ശേഷം താനെ ജില്ലയുടെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു ഷിൻഡെ. ഈ ഡിഗെയെയായിരുന്നു ബാൽ താക്കറെ തന്റെ പാർട്ടിക്കുള്ളിൽ ഏറ്റവും ഭയന്നിരുന്നത്. കേവലം മദ്യശാലകളിൽ വിതരണക്കാരനായും ഓട്ടോ തൊഴിലാളിയുമായി മറാത്ത പാർട്ടിയുടെ സാധാരണ പ്രവർത്തകനായി പ്രവർത്തിച്ചിരുന്ന ഷിൻഡെയെ ശിവസേനയുടെ തലപ്പത്തേക്ക് ഉയർത്തുന്നത് ഡിഗെയാണ്. 2001ൽ ഡിഗെ അപകടത്തിൽ മരിച്ചതിന് ശേഷം താനെയിൽ അനാഥമാകപ്പെട്ട മറാത്ത പാർട്ടിയെ പിന്നീട് മുന്നിൽ നിന്നും നയിച്ചത് ഈ ഓട്ടോ തൊഴിലാളിയായിരുന്നു. ഇന്ന് താനെയുടെ മുഴുവൻ ഭരണം ഷിൻഡെയുടെ പക്കൽ ആണെന്ന് നിസംശയം പറയാൻ സാധിക്കും.
ALSO READ : Big Breaking..! മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്, ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രി..!!! പൂര്‍ണ്ണ പിന്തുണ നല്കി BJP
ഓട്ടോ തൊഴിലാളിയിൽ നിന്ന് ശിവസേനയിലേക്ക്
മഹാരാഷ്ട്രയിലെ സതാര ജില്ലയിലാണ് ഏക്നാഥ് ഷിൻഡെയുടെ ജനനം. ദാരിദ്രത്തെ മറികടക്കാൻ 16-ാം വയസിൽ ഓട്ടോറിക്ഷ തൊഴിലാളിയായി. അതോടൊപ്പം മദ്യശാലകളിൽ മദ്യം എടുത്ത് കൊടുക്കന്നയാളായും ഷിൻഡെ ജോലി ചെയ്തിട്ടുണ്ട്. 1980കളിൽ മറാത്ത വാദത്തിനോടൊപ്പം ശിവസേന ഹിന്ദുത്വവും കൂടി ചേർത്തപ്പോൾ അതിൽ ആകൃഷ്ടനായി ഷിൻഡെ പാർട്ടിയിൽ ചേരുകയായിരുന്നു. ബാൽ താക്കറെയിൽ നിന്ന് പ്രചോദനം കൊണ്ട് മറാത്ത പാർട്ടിയിൽ ചേർന്നെങ്കിലും ഷിൻഡെയെ താനെയിലെ ഒരു നേതാവായി ഉയർത്തുന്നത് അനന്ദ് ഡിഗെയാണ്.
1990കളിൽ നഗരസഭ അംഗമായ ഷിൻഡെ താനെ കേന്ദ്രീകരിച്ച് പ്രാദേശിക ശിവസേന നേതാവായി പ്രവർത്തിക്കുകയായിരുന്നു. 2000ത്തിൽ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു ദുരന്തത്തെ തുടർന്ന് പാർട്ടിയും രാഷ്ട്രീയവും വിടാൻ ഒരുങ്ങിയ ഷിൻഡെ വീണ്ടും കൈപിടിച്ചുയർത്തിയത് ഡിഗെയായിരുന്നു. 2001ൽ ഡിഗെയുടെ മരണത്തിന് ശേഷം താനെയിലെ ശിവസേനയുടെ ഒരു നേതാവായി മാറിയ ഷിൻഡെ, 2004ൽ ആദ്യമായി മഹാരാഷ്ട്ര നിയമസഭയിലേക്കെത്തി. പിന്നീട് 2009, 2014, 2019 എന്നീ വർഷങ്ങളിലും ഷിൻഡെ മഹാരാഷ്ട്രയുടെ നിയമസഭയിലേക്കെത്തുകയും മന്ത്രിസഭയുടെ അംഗവുമായിരുന്നു. അതിനിടെ ബാൽ താക്കറെയുടെ മരണത്തിന് ശേഷം മകൻ ഉദ്ദവ് താക്കറെയ്ക്കാളും പാർട്ടിക്കുള്ളിൽ ഷിൻഡെ വളരുകയായിരുന്നു. ശിവസേനയ്ക്ക് ആവശ്യമായ ഫണ്ട് തുടങ്ങിയ മർമ്മ പ്രധാനമായ പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നതും എത്തിച്ചിരുന്നതും ഷിൻഡെയായിരുന്നു.
ഷിൻഡെ രാഷ്ട്രീയം അവസാനിപ്പിക്കാൻ ഒരുക്കിയ ആ ദുരന്തം
2000ത്തിൽ ഒരു ബോട്ട് അപകടത്തെ തുടർന്ന് ഷിൻഡെയ്ക്ക് തന്റെ രണ്ട് ഇളയ മക്കളെ നഷ്ടമായിരുന്നു. സതാരയിൽ വച്ച് ഉണ്ടായ അപകടത്തിൽ 11കാരനായ മകൻ ദിപേഷ് ഏഴ് വയസുകാരിയായ ശുഭാദ എന്നിവർ കൊല്ലപ്പെടുന്നത് ഷിൻഡെ തന്റെ കണ്ണാലെ കാണുകയായിരുന്നു. അന്ന് ഷിൻഡെയുടെ മൂത്ത മകൻ ഇന്ന് ലോക്സഭ എംപിയുമായ ശ്രീകാന്ത് ഷിൻഡെയ്ക്ക് 14 വയസ് മാത്രമായിരുന്നു.
അന്ന് കുടുംബത്തിലുണ്ടായ ദുരന്തത്തിൽ മനം നൊന്ത് ഷിൻഡെ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അന്ന് അനന്ദ് ഡിഗെയായിരുന്നു ഷിൻഡെ ബലപ്പെടുത്തി രാഷ്ട്രീയത്തിൽ തുടരാൻ എല്ലാ മാർഗനിർദേശങ്ങളും നൽകിയത്.
ഷിൻഡെയെ ചൊടുപ്പിച്ചതെന്ത്?
2014 എൻഡിഎ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു 58കാരനായ ഷിൻഡെ. 2019തിൽ ബിജെപിയുമായി പിരിഞ്ഞ് മറാത്ത പാർട്ടി കോൺഗ്രസും എൻസിപിയുമായി ചേർന്ന് മഹാ വികാസ് അഘാടി സഖ്യം രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയുടെ പേരുമുണ്ടായിരുന്നു. എന്നാൽ പവാറും സോണിയയും അത് നിഷേധിച്ച് മുഖ്യമന്ത്രിപദം ഉദ്ദവ് താക്കറെയ്ക്ക് നൽകുകയായിരുന്നു. അന്ന് ഷിൻഡെയെ ആശ്വസിപ്പിക്കാനായിരുന്നു താക്കറെ നഗര വികസന വകുപ്പ് വിട്ട് നൽകിയത്. സാധാരണയായി ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്.
സുപ്രധാന വകുപ്പ് ഷിൻഡെയ്ക്ക് ലഭിച്ചെങ്കിലും ഭരണകാര്യങ്ങളിൽ താനെയിൽ നിന്നുള്ള നേതാവ് അസ്വസ്ഥനായിരുന്നു. ഉദ്ദവും മകൻ ആദിത്വ താക്കറെയും ഷിൻഡെയുടെ വകുപ്പിൽ കൂടുതൽ കൈ കടത്താൻ ശ്രമിച്ചത് ശിവസേന നേതാവിന് അപ്രീതി ഉണ്ടാക്കി. വകുപ്പിലെ പല സുപ്രധാന പ്രവർത്തനങ്ങൾ ഷിൻഡെയുടെ അറിവില്ലാതെ നടപ്പിലാക്കി. ഇത് ഷിൻഡെയെ ചൊടുപ്പിക്കുകയായിരുന്നു. തുടർന്നാണ് 30തിൽ അധികം എംഎൽഎമാരേ ചേർത്തു കൊണ്ടുള്ള ഷിൻഡെയുടെ വിമത നീക്കം. അവിടെ നിന്ന് തുടങ്ങി ഉദ്ദവ് താക്കറെ വീഴ്ത്തി പ്രതിപക്ഷമായിരുന്ന ബിജെപിയുടെ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് ഷിൻഡെ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.