Delhi Flood Update: കഴിഞ്ഞ ദിവസം യമുനയിലെ ജലനിരപ്പ് റെക്കോര്‍ഡ് ലെവലില്‍ എത്തിയശേഷം താഴ്ന്നിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ മുതല്‍ നദിയില്‍ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഇത് തലസ്ഥാനത്തെ വീണ്ടും ആശങ്കയിലേയ്ക്ക് നയിയ്ക്കുകയാണ്.
രാവിലെ ഏഴിന് 205.48 മീറ്ററായിരുന്ന ജലനിരപ്പ് ഒമ്പത് മണിയോടെ 205.58 മീറ്ററിലെത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറായി യമുനയിലെ ജലനിരപ്പ് വർധിക്കുകയാണ് എന്ന് Zee Media റിപ്പോര്‍ട്ടര്‍ പറയുന്നു.
സെൻട്രൽ വാട്ടർ കമ്മീഷന്‍റെ കണക്കനുസരിച്ച്, യമുനയിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് 205.48 മീറ്ററായിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെ 8 മണിക്ക് യമുനയിലെ ജലനിരപ്പ് 206.02 മീറ്ററായിരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെ നദിയിലെ ജലനിരപ്പ് 205.56 മീറ്ററായി താഴ്ന്നിരുന്നു. ഡൽഹിയിലെ യമുന നദി ജൂലൈ 10 ന് വൈകിട്ട് 5 മണിയോടെയാണ് 205.33 മീറ്റര്‍ എന്ന അപകട രേഖ കടന്നത്.
ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കഴിവതും സഹായിയ്ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യര്‍ഥിച്ചു. രാത്രി മുഴുവൻ പൊതുമരാമത്ത് വകുപ്പ് നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായിചെങ്കോട്ടയ്ക്ക് പിന്നിലെ റോഡിലെ വെള്ളം വറ്റിയ്ക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളം ഇറങ്ങിതുടങ്ങുന്നതിനനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ആളുകള്‍ക്ക് അവരുടെ വീടുകളിലേയ്ക്ക് മടങ്ങാനാകും. അവരുടെ ജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിയ്ക്കാന്‍ നാം അവരെ സഹായിക്കണം. ഇതൊരു പുണ്യ പ്രവൃത്തിയാണ്, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും ഡല്‍ഹിയില്‍ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയാണ് IMD പ്രവചിയ്ക്കുന്നത്. തലസ്ഥാനത്ത് പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
വെള്ളപ്പൊക്കം മൂലം അടച്ചിട്ട വസീറാബാദ് വാട്ടർ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും 54 എംജിഡി ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിച്ച് കഴിഞ്ഞുവെന്നും പ്ലാന്‍റ് ഉടൻ തന്നെ അതിന്‍റെ പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പ്ലാന്‍റിന് 134 എംജിഡി (പ്രതിദിനം 1 ദശലക്ഷം ഗാലൻ) ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.
അതേസമയം ഡല്‍ഹിയില്‍ യമുന നദി ഭീകരരൂപം കൈക്കൊണ്ടതോടെ യമുനയുടെ തീരത്ത് താമസിച്ചിരുന്നവര്‍ ഇന്ന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ 45 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് യമുന കര കവിഞ്ഞൊഴുകിയത്.
തലസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിയ്ക്കുന്നില്ല. ആടുത്ത രണ്ട് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ് പുറത്തു വന്നിരിയ്ക്കുന്ന സാഹചര്യത്തില്‍ എല്ലാ സ്കൂളുകളും കോളജുകളും വീണ്ടും ഓണ്‍ ലൈന്‍ മാധ്യമത്തിലൂടെ പഠനം ആരംഭിച്ചിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...