ഇംഫാൽ: മണിപ്പൂരിലെ ജനങ്ങൾക്ക് സാന്ത്വനമേകാൻ എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷം. ഇതിനെ തുടർന്ന് പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് രാഹുൽ ഇംഫാലിലേക്കു മടങ്ങി. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു. എന്നാൽ മെയ്തെയ് ക്യാംപും ചുരാചന്ദ്പുരും സന്ദർശിക്കുന്നതിൽനിന്നു രാഹുൽ പിന്നോട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
ഹെലികോപ്റ്ററിൽ രാഹുൽ യാത്ര തുടരുമെന്നു പാർട്ടിവൃത്തങ്ങൾ അറിയിച്ചു. മണിപ്പാരിൽ നൂറുകണക്കിനു സ്ത്രീകൾ രാഹുലിനു വഴിയൊരുക്കാനെത്തിയ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് പ്രദേശത്തു സംഘർഷം രൂക്ഷമായത്. ഇവരെ തുരത്തുന്നതിനു വേണ്ടിയാണ് പൊലീസ് ആകാശത്തേക്കു വെടിവച്ചത്. ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Congress leader Rahul Gandhi reaches Imphal, Manipur
He is on a two-day visit to the state and will visit relief camps and interact with civil society representatives in Imphal and Churachandpur during his visit. pic.twitter.com/elSApkka0j
— ANI (@ANI) June 29, 2023
ബിഷ്ണുപുരിൽ വച്ച് പൊലീസ് തടഞ്ഞതായും കടത്തിവിടാൻ പറ്റാവുന്ന സാഹചര്യമല്ലെന്നു പറഞ്ഞതായും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. റോഡിന്റെ ഇരുവശങ്ങളിലുമായി ജനം രാഹുലിനെ കൈവീശി അഭിവാദ്യം ചെയ്യാനായി കൂടി നിൽക്കുകയാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര തടഞ്ഞതെന്നു മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ യാത്ര തടഞ്ഞതിനെ തുടർന്ന് പൊലീസും കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കമുണ്ടായി. ഡൽഹി വിമാനത്താവളത്തിൽനിന്ന് രാവിലെ പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുർ ആദ്യം സന്ദര്‍ശിക്കാനാണു രാഹുൽ ആദ്യം തീരുമാനിച്ചിരുന്നത്. റോഡ് മാർഗമായിരുന്നു രാഹുലിന്റെ യാത്ര.
രാഹുലിന്റെ കൂടെ കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ട്. മണിപ്പുര്‍ സമൂഹത്തില്‍ സ്നേഹത്തിന്‍റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മണിപ്പുരിൽ സംഘർഷം തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്‍റെ സന്ദര്‍ശനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്. കലാപത്തിൽ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഉച്ചയ്ക്കു ശേഷം ഇംഫാലിലേക്കു മടങ്ങാനിരുന്ന രാഹുൽ മെയ്തെയ് അഭയാർഥി ക്യാംപുകളിൽ എത്തുമെന്നും പാർട്ടി വ്യക്തമാക്കിയിരുന്നു. മേയ് 3ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ മണിപ്പുരിലെത്തുന്നത്. കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, സുദീപ് റോയ് ബർമൻ, അജോയ് കുമാർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷൻ മണിപ്പുർ വിഷയം പഠിക്കാൻ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പുരിൽ അനൗദ്യോഗിക സന്ദർശനം നടത്തിയിരുന്നു.