വിയന്ന: ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യന്‍ ആഗ്രഹത്തിന് വിലങ്ങുതടിയായി ചൈന. വ്യാഴാഴ്ച വിയന്നയില്‍ എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ യോഗത്തില്‍ ഇന്ത്യന്‍ അപേക്ഷയെ ചൈന ശക്തമായി എതിര്‍ത്തു.ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളാണ് എന്‍.എസ്.ജി അംഗത്വമെന്ന ഇന്ത്യന്‍ മോഹത്തെ എതിര്‍ത്ത് ചൈനക്കൊപ്പം നില്‍ക്കുന്നതെന്ന് നയതന്ത്രന്ജ്ഞര് പറഞ്ഞു .
എന്‍.എസ്.ജിയില്‍ അംഗമാകുന്നതിന് യു.എസ് ഉള്‍പ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടായിട്ടും ചൈനയുടെ നേതൃത്വത്തില്‍ എതിര്‍പ്പ് തുടരുകയാണ്. ഇന്ത്യയെ അംഗമാക്കണമെങ്കില്‍ പാകിസ്താനും അംഗത്വം നല്‍കണമെന്നാണ് ചൈനീസ് നിലപാട്. ആണവ ആയുധങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വില്പന നിയന്ത്രിക്കുന്നതു വഴി അവയുടെ വര്‍ധന തടയലാണ് 48 അംഗങ്ങളുള്ള എന്‍.എസ്.ജി ലക്ഷ്യമിടുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ലാത്ത ഇന്ത്യക്ക് അംഗത്വം നല്‍കുന്നത് ആണവായുധങ്ങള്‍ വ്യാപിക്കുന്നത് തടയാനുള്ള ശ്രമത്തിനെതിരായ നീക്കമാകുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. കൂടാതെ അത് ഇന്ത്യയുടെ മുഖ്യ എതിരാളിയായ പാകിസ്താനെ പ്രകോപിപ്പിക്കുകയും ചെയ്യും. ഇന്ത്യന്‍ ശ്രമത്തിനെതിരെ ചൈനീസ് പിന്തുണയോടെ പാകിസ്താന് രംഗത്തുവന്നിട്ടുണ്ട്.
ഇന്ത്യയെ എന്‍.എസ്.ജിയില്‍ അംഗമാക്കുന്നത് ആണവ നിര്‍വ്യാപന വ്യവസ്ഥയുടെ മുഖത്തടിക്കുന്നതിന് തുല്യമാണെന്നും ഈ രാജ്യങ്ങള്‍ ആരോപിക്കുന്നു. സിയോളില്‍ 20ന് നടക്കുന്ന യോഗത്തിലാണ് ഇന്ത്യന്‍ അംഗത്വം സംബന്ധിച്ച അന്തിമതീര്പ്പുണ്ടാവുക. എന്നാല്‍, പ്രതിഷേധം എത്രത്തോളം ശക്തമാണെന്നറിയലാണ് വ്യാഴാഴ്ചത്തെ യോഗം കൊണ്ട് ഉന്നം വെച്ചതെന്നാണറിയുന്നത്. പാകിസ്താനെ അംഗമാക്കുന്നതുവരെ ഇന്ത്യന്‍ അംഗത്വത്തെ ചൈന എതിര്‍ത്തേക്കും. മെക്സിക്കോയാണ് വിഷയത്തില്‍ ഇന്ത്യക്ക് പിന്തുണയറിയിച്ച് ഏറ്റവുമൊടുവില്‍ രംഗത്തത്തെിയിരിക്കുന്നത്.അതേസമയം 2008ല്‍ അമേരിക്കയുമായുള്ള ആണവ സഹകരണ കരാര്‍ ഒപ്പിട്ടതിന് ശേഷം എന്‍ .എസ് ജി അംഗത്വത്തിന് തുല്യമായ അവകാശങ്ങള്‍ ഇന്ത്യക്കുണ്ട്