അയോദ്ധ്യയിൽ പുരോഗമിക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനാ പ്രവാഹം തുടരുന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന സംഭാവന പെട്ടിയിലേയ്ക്ക് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഒരു കോടി രൂപയിലേറെയാണ് ലഭിച്ചിരിക്കുന്നതെന്ന് രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ പറഞ്ഞു. ഈ വർഷം ജനുവരിയ്ക്ക് ശേഷം ലഭിക്കുന്ന സംഭാവനകളിൽ മൂന്ന് മടങ്ങ് വർധനവാണ് ഉണ്ടായതെന്ന് ബാങ്ക് അധികൃതർ രാമക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചു.
ക്ഷേത്ര നിർമ്മാണത്തിനായി ലഭിക്കുന്ന സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്താനും മറ്റുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചതായി രാമക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ചുമതലയുള്ള പ്രകാശ് ഗുപ്ത പറഞ്ഞു. രാമക്ഷേത്രത്തിലേയ്ക്ക് ലഭിക്കുന്ന സംഭാവനകളിൽ വൻ വർധനവാണ് ഉണ്ടാകുന്നതെന്നും വൈകാതെ തന്നെ തിരുപ്പതിയിലേതിന് സമാനമായി നൂറ് കണക്കിന് ജോലിക്കാരെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തുമെന്നും റാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. അടുത്ത വർഷം ജനുവരിയോടെ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് ശ്രീ റാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ചൌദ കോസി പരിക്രമ മാർഗുമായി ബന്ധിപ്പിക്കും. അടുത്തിടെ ചൌദ കോസി പരിക്രമ മാർഗിനെ നാല് വരി പാതയാക്കാനായി സംസ്ഥാന സർക്കാർ 1,166 കോടി രൂപ അനുവദിച്ചിരുന്നു.
എല്ലാ വർഷവും ദീപാവലിയ്ക്ക് പിന്നാലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചൌദ കോസിയിലെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ടൗണിലേയ്ക്ക് ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്താറുള്ളത്. ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ ചൌദ കോസിയിലേയ്ക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.
നിലവിൽ നാല് വരിപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. 25 കിലോ മീറ്റർ ദൈർഘ്യമുള്ള നാല് വരിപ്പാതയുടെ നിർമ്മാണം വലുതും ചെറുതുമായ 23 ക്ഷേത്രങ്ങളെയും ആയിരത്തിലധികം വീടുകളെയും കടകളെയും ബാധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവയ്ക്ക് ആവശ്യമായ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പിടിഐയോട് പറഞ്ഞു.
എല്ലാ കണക്കുകളും കൃത്യമായി രജിസ്റ്റർ ചെയ്യുകയും നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഭൂഗർഭ വൈദ്യുത കേബിൾ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പുറമെ, അഴുക്കുചാൽ നിർമ്മാണവും നടത്തും. കുടിവെള്ള വിതരണം ഉറപ്പാക്കുമെന്നും ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണം നടപ്പാക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...