കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡെങ്കുപ്പനി ബാധിതരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലെന്ന് കണക്കുകള്‍. ജില്ല പനിച്ച് വിറയ്ക്കുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഡെങ്കുപ്പനി ബാധിതരുടെ ജില്ലയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2013-ന് ശേഷം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണ്. ജനുവരി മാസത്തില്‍ തന്നെ ഡെങ്കുപ്പനിയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
മലയോര മേഖലയിലാണ് ഡെങ്കു ഇത്തവണ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പനത്തടി,കോടോം ബേളൂര്‍, കുറ്റിക്കോല്‍, മുളിയാര്‍, പുല്ലൂര്‍-പെരിയ എന്നീ പഞ്ചായത്തുകളിലാണ് വ്യാപകമായിരിക്കുന്നത്. ജില്ല പനിച്ച് വിറയ്ക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ് ഏറെ ആശങ്കയാണ് ഉയര്‍ത്തുന്നത്.
ജൂണ്‍ മാസത്തില്‍ 409 പേരിലാണ് ഡെങ്കു കണ്ടെത്തിയത്. 56 പേരില്‍ രോഗം സ്ഥിതീകിരിച്ചിരുന്നു. ഇതിനു പുറമെ മലമ്പനിയും എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. പനി ബാധിച്ച് നിത്യേന ആയിരത്തിലധികം പേരാണ് ആശുപത്രികളില്‍ എത്തുന്നത്. സ്വകാര്യ ആശുപത്രികളിലും മംഗലാപുരത്തും ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇതിലും ഇരട്ടി വരും. ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് നാലുപേരാണ് മരിച്ചത്. 400-ഓളം പേര് നിരീക്ഷണത്തിലുമാണ്. മഴക്കാലപൂര്‍വ്വ ശുചീകരണം ഫലപ്രദമായി നടത്താത്തതാണ് ജില്ലയില്‍ ഇത്തവണ പകര്‍ച്ചപ്പനി വ്യാപകമാവാന്‍ കാരണം.
മഴ ശക്തമായതോടെയാണ് കാസര്‍ഗോഡ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലായിരുന്ന ബന്തടുക്ക സ്വദേശി വസന്തന്, കൊട്ടോടി സ്വദേശി സിബി ചാക്കോ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എ്ം നാലായി. എലിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പേര് നിരീക്ഷണത്തിലാണ്. മഴയാരംഭിച്ച ശേഷം 6000-ത്തോളം പേര് പനി ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഡെങ്കുപനിയും മലമ്പനിയും പടരുന്ന സാഹചര്യത്തില്‍ ഡ്രൈഡേ ആചരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 40 പേര്‍ക്ക് മലേറിയയും കണ്ടെത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലായും പകര്‍ച്ചപ്പനിക്ക് ചികിത്സ തേടിയിരിക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളും ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും ജില്ലയിലെ ആരോഗ്യവസ്ഥയെ തളര്‍ത്തുകയാണ്. പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ച് ആശങ്കയും വര്‍ദ്ധിച്ചിട്ടുണ്ട്.