ഡ്രാഗൺ ഫ്രൂട്ട് ഒരു ഉഷ്ണമേഖലാ പഴമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇത് നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കള്ളിച്ചെടി കുടുംബത്തിൽ പെട്ട ഇത് പിറ്റയ, പിറ്റഹയ, സ്ട്രോബെറി പിയർ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. പക്ഷേ, തെക്കുകിഴക്കൻ ഏഷ്യയിലുടനീളമുള്ള അതിന്റെ പൊതുനാമം ഡ്രാഗൺ ഫ്രൂട്ട് എന്നാണ്.
ഡ്രാഗൺ ഫ്രൂട്ട് എന്ന പേരും പഴത്തിന്റെ രൂപവും വിചിത്രമായി തോന്നാമെങ്കിലും അതിന്റെ രുചി മറ്റ് പഴങ്ങൾക്ക് സമാനമാണ്. കിവിയ്ക്കും പിയറിനും ഇടയിലുള്ള ചെറുതായി മധുരമുള്ള രുചിയാണിതിന്. കൂടാതെ, ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
കൂടാതെ, മികച്ച അളവിൽ വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുന്നു. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ പോഷകാഹാരത്തിന്റെ ഒരു ശക്തികേന്ദ്രമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺ ഫ്രൂട്ട് നിങ്ങളുടെ ആരോഗ്യത്തിന് പ്രയോജനകരമാകുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ
കൊളസ്ട്രോൾ കുറവാണ്: കൊളസ്ട്രോൾ, പൂരിത-ട്രാൻസ് ഫാറ്റ് എന്നിവ ഡ്രാഗൺ ഫ്രൂട്ടിൽ കുറവാണ്. ഡ്രാഗൺ ഫ്രൂട്ട് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുമെന്നും ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഡ്രാഗൺ ഫ്രൂട്ടിന്റെ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
നാരുകളാൽ സമ്പുഷ്ടം: ഡ്രാഗൺ ഫ്രൂട്ടിൽ പ്രീബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇതുവഴി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് നാരുകളുടെ നല്ല ഉറവിടമായതിനാൽ, ഇത് ഹൃദയത്തിന് മാത്രമല്ല, രക്തസമ്മർദ്ദവും ഭാരവും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു: ഉയർന്ന ആന്റിഓക്‌സിഡന്റ് ഉള്ളടക്കം ഉള്ളതിനാൽ, ചർമ്മസംരക്ഷണത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ മാംസളമായ ഭാഗം പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പതിവായി പുരട്ടുന്നത് ചർമ്മത്തെ മികച്ചതാക്കി നിലനിർത്താനും മുഖക്കുരു ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.
വിറ്റാമിൻ സി: വിറ്റാമിൻ സിയുടെ നല്ല ഉറവിടമായതിനാൽ, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുവഴി നിങ്ങളെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു. കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് നിങ്ങളുടെ പല്ലുകളെ ശക്തിപ്പെടുത്തുകയും ആരോഗ്യവും തിളക്കമുള്ളതുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന പൊട്ടാസ്യം: ഡ്രാഗൺ ഫ്രൂട്ടിൽ പൊട്ടാസ്യം ഉൾപ്പെടെയുള്ള അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, പ്രമേഹ രോഗികൾക്ക് പൊട്ടാസ്യം വളരെ പ്രധാനമാണ്. കാരണം, ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...