ആരോഗ്യകരമായ പാനീയം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും. പലരും രാവിലെ ചായയോ കാപ്പിയോ ആണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ, ആരോഗ്യത്തോടെ ദിവസം ആരംഭിക്കുന്നതിന് ആരോഗ്യകരമായ പാനീയങ്ങൾ ബദലായി സ്വീകരിക്കേണ്ടതുണ്ട്.
തേനും നാരങ്ങാനീരും ചൂടുവെള്ളവും ചേർത്ത ഡീടോക്സ് പാനീയം അത്തരത്തിൽ ആരോഗ്യകരമായ ഒന്നാണ്. അതുപോലെ മറ്റൊരു പുതിയ ഡീടോക്സ് പാനീയമാണ് കുക്കുമ്പർ, നാരങ്ങ, പുതിന എന്നിവ ചേർത്ത വെള്ളം. ഈ ചേരുവകൾ രാത്രി മുഴുവൻ കുതിർക്കുകയും രാവിലെ വെള്ളം അരിച്ചെടുത്ത് കുടിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.
ഈ ഡീടോക്സ് പാനീയം കുടിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഈ പാനീയം മികച്ചതാണ്. ഈ ഉന്മേഷദായകമായ ഡീടോക്സ് വെള്ളം കുടിക്കുന്നതിന്റെ മറ്റ് അവിശ്വസനീയമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. മികച്ച ജലാംശം: 95 ശതമാനത്തിലധികം ജലാംശം ഉള്ള കുക്കുമ്പർ നിങ്ങളുടെ ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നു. കത്തുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിന് തണുപ്പും ഇത് പ്രദാനം ചെയ്യുന്നു. നാരങ്ങയുടെ അസിഡിക് ഗുണങ്ങൾ ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. അതേസമയം, പുതിന നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്നു.
2. ഫലപ്രദമായ ശരീരഭാരം കുറയ്ക്കാനുള്ള മാർഗം: ഈ ഡീടോക്സ് വെള്ളം ദഹനം മെച്ചപ്പെടുത്തി, മെറ്റബോളിസം വർദ്ധിപ്പിച്ച്, കൊഴുപ്പും കലോറിയും കത്തിച്ചുകളയാൻ സഹായിക്കുന്നു. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുള്ള പാനീയമാണിത്. അനാവശ്യമായ ഭക്ഷത്തോടുള്ള ആസക്തികൾ കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
3. ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു: ഈ പാനീയം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് ശക്തമായ ദഹനവ്യവസ്ഥയിലേക്കും മലബന്ധം തടയുന്നതിലേക്കും നയിക്കുന്നു. ഇത് മലബന്ധം ലഘൂകരിക്കുകയും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
4. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു: കുക്കുമ്പർ, നാരങ്ങ, പുതിന എന്നിവയുടെ പോഷക സമ്പന്നമായ ഉള്ളടക്കം നിർജ്ജലീകരണത്തെ തടയുന്നു. മൂത്രമൊഴിക്കുന്നത് വർധിപ്പിച്ച് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
5. ചർമ്മത്തിന്റെ പുനരുജ്ജീവനം: നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയും മാലിന്യങ്ങൾ പുറന്തള്ളുകയും ചെയ്യുന്നതിലൂടെ, ഈ ഡീടോക്സ് പാനീയം നിങ്ങളുടെ ചർമ്മത്തെ ആരോഗ്യമുള്ളാക്കുന്നു. ഇത് മുഖക്കുരു, പാടുകൾ എന്നിവയ്‌ക്കെതിരെ പോരാടുന്നു. ചർമ്മത്തെ മിനുസമുള്ളതാക്കുന്നതിനും ഈ പാനീയം സഹായിക്കുന്നു.
6. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്: വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ നിറഞ്ഞ ഈ പാനീയം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...