ജൂൺ മുതൽ സെപ്തംബർ വരെയാണ് ഇന്ത്യയിൽ മൺസൂൺ കാലം. കത്തുന്ന ചൂടിൽ നിന്ന് മൺസൂൺ കാലം ആശ്വാസം നൽകുമെങ്കിലും വിവിധ രോഗങ്ങൾ പടരാനും മഴക്കാലം കാരണമാകാറുണ്ട്. മറ്റ് കാലാവസ്ഥകളെ അപേക്ഷിച്ച് മഴക്കാലത്ത് വൈറസ്, ബാക്ടീരിയ തുടങ്ങിയ അണുബാധകൾക്കുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്ത് വായുവിൽ അമിതമായി ഈർപ്പം ഉണ്ടാകുന്നതും വെള്ളം കെട്ടിക്കിടക്കുന്നതുമെല്ലാം സൂക്ഷ്മാണുക്കൾ വളരാൻ സഹായിക്കും. എന്നാൽ, മഴക്കാല രോഗങ്ങളിലെ പ്രധാന വെല്ലുവിളി ഇവ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നുള്ളതാണ്. ഇത് രോഗാവസ്ഥ ഗുരുതരമാകുന്നതിലേക്കും മരണത്തിലേക്കും നയിക്കും.
പലവിധ പകർച്ചവ്യാധികളും മഴക്കാലത്ത് പടർന്ന് പിടിക്കാറുണ്ട്. എന്നാൽ ഇവ രോഗലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതോ ചെറിയ ലക്ഷണങ്ങൾ മാത്രം പ്രകടിപ്പിക്കുന്നവയോ ആയിരിക്കും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ പല മഴക്കാല രോഗങ്ങളും തിരിച്ചറിയപ്പെടാതെ ഗുരുതരമായതിന് ശേഷം മാത്രമാകും പലരും ചികിത്സ തേടുക. മഴക്കാല രോഗങ്ങളെ തടയാനുള്ള മികച്ച മാർഗം ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. കൃത്യസമയത്ത് രോഗനിർണയം നടത്തുകയും ഉചിതമായ ചികിത്സ തേടുകയും വേണം. പനി, ജലദോഷം തുടങ്ങിയ ചെറിയ ലക്ഷണങ്ങളാണെങ്കിൽ പോലും കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തുക. മോൾബിയോ ഡയഗ്‌നോസ്റ്റിക്‌സിന്റെ സ്ഥാപകനും ഡയറക്ടറും സിഇഒയുമായ ശ്രീറാം നടരാജൻ മൺസൂൺ കാലത്തുണ്ടാകുന്ന അണുബാധകളെയും അവയെ തടയുന്നതിനെപ്പറ്റിയും വ്യക്തമാക്കുന്നു.
മൺസൂൺ അണുബാധകൾ: മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയ കൊതുകുകളുടെയും കൊതുകുജന്യ രോഗങ്ങളുടെയും പ്രാഥമിക പ്രജനന കാലമാണ് മൺസൂൺ. കൊതുക് പരത്തുന്ന രോഗങ്ങൾ ഇന്ത്യയിൽ വളരെ കൂടുതലാണ്. ആഗോള തലത്തിൽ മലേറിയ 11 ശതമാനത്തോളവും ഡെങ്കിപ്പനി 34 ശതമാനത്തോളവും റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. കൊതുക് വലകളും കൊതുകിനെ അകറ്റുന്ന മരുന്നുകളും ഉപയോഗിക്കുന്നതാണ് ഈ രോഗങ്ങൾ തടയാനുള്ള ഏറ്റവും നല്ല മാർഗം.
വായുവിലൂടെ പകരുന്ന ഫ്ലൂ, ഇൻഫ്ലുവൻസ, വൈറൽ പനി, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്ന വൈറസുകളും മഴക്കാലത്ത് വർധിക്കുന്നു. ഇവ ചെറിയ രോഗ ലക്ഷണങ്ങൾ മാത്രമാണ് പ്രകടിപ്പിക്കുക. എന്നാൽ വലിയ രീതിയിൽ പകരുകയും ചെയ്യും. പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, കുട്ടികൾ തുടങ്ങിയവർക്ക് എളുപ്പത്തിൽ ഇത്തരം രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്.
കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, ഇ തുടങ്ങിയ ജലജന്യ രോഗങ്ങളും ദഹനനാളത്തിലെ അണുബാധകളും ഗുരുതരമാകുന്ന രോഗങ്ങളാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് ഇത് ഒരു പ്രധാന കാരണമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക, വ്യക്തി ശുചിത്വം ഉറപ്പാക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്ക് വാക്സിനേഷൻ നൽകുക എന്നിവയാണ് ഈ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ. മഴക്കാലത്ത് മലിനമായ ജലവുമായി സമ്പർക്കത്തിൽ വരുന്നതിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കാലിൽ മുറിവുകളോ മറ്റോ ഉണ്ടെങ്കിൽ റോഡിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...