നിരവധി ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് പുതിനയില. ഭക്ഷണത്തിനും പാനീയങ്ങൾക്കും രുചി കൂട്ടാനാണ് പൊതുവേ പുതിനയില ഉപയോഗിക്കുന്നത്. ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്, ബ്രെത്ത് മിന്റ്‌സ്, ച്യൂയിംഗ് ഗം എന്നിവയിലും ഉപയോഗിക്കുന്ന ഒരു ഘടകമാണ് പുതിനയില. നിരവധി ആരോഗ്യഗുണങ്ങളുള്ളതാണ് പുതിന. ദഹനപ്രശ്‌നങ്ങൾ, ജലദോഷം, സൈനസ് അണുബാധ, തലവേദന തുടങ്ങിയ വിവിധ രോഗങ്ങൾക്ക് ആയുർവേദത്തിൽ ചികിത്സയ്ക്കായി ഈ സസ്യം ഉപയോഗിക്കുന്നു. ആയുർവേദ പ്രകാരം, പുതിനയില പിത്ത, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുന്നു. പുതിനയില ഉണക്കിയോ അല്ലാതെയോ ഉപയോഗിക്കാം. വെള്ളം തിളപ്പിച്ചോ ചായയിൽ ചേർത്തോ പാനീയമായും ഇവ കുടിക്കാവുന്നതാണ്.
വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും വലിയ ഉറവിടമാണ് പുതിന. ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ്, നാരുകൾ, മാംഗനീസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഗ്യാസ്, വയറിളക്കം, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയായി പുതിനയില വർഷങ്ങളായി ഉപയോഗിച്ച് വരുന്നു. പെപ്പർമിന്റ് ഓയിൽ ദഹനവ്യവസ്ഥയെ മികച്ചതാക്കാനും കുടലിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പുതിനയില സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗത്തിനുള്ള അപകട ഘടകമാണ്. പെപ്പർമിന്റ് ടീ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ജലദോഷം, അലർജി എന്നിവയിൽ നിന്ന് ആശ്വാസം നൽകാനും പുതിനയിലയ്ക്ക് സാധിക്കും.
ജലദോഷമോ അലർജിയോ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റി മികച്ച ശ്വാസോച്ഛ്വാസത്തിന് പുതിനയില സഹായിക്കുന്നു. പുതിനയുടെ ഉന്മേഷദായകമായ വാസന മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുകയും മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുകയും ചെയ്യും. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പുതിനയിൽ അടങ്ങിയിട്ടുണ്ട്. സാധാരണ ഭക്ഷണത്തിലൂടെ പകരുന്ന ബാക്ടീരിയകളായ ഇ.കോളി, ലിസ്റ്റീരിയ, സാൽമൊണെല്ല, സ്റ്റാഫൈലോകോക്കസ്, ന്യുമോണിയയുമായി ബന്ധപ്പെട്ട ബാക്ടീരിയകൾ എന്നിവയുൾപ്പെടെയുള്ള ബാക്ടീരിയകളെ പെപ്പർമിന്റ് ഓയിലിന് ഫലപ്രദമായി നശിപ്പിക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ALSO READ: Monsoon diseases: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
സന്ധിവാതവുമായി ബന്ധപ്പെട്ട വേദന ഒഴിവാക്കാൻ പെപ്പർമിന്റ് ഓയിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് വേദനയെ പൂർണമായി ശമിപ്പിക്കുമെന്നതിന് തെളിവുകളില്ല. ഉളുക്ക്, സന്ധി വേദന, വീക്കം എന്നിവയുടെ ചികിത്സയ്ക്കായി പരമ്പരാഗത ചൈനീസ് ചികിത്സാ രീതിയിൽ പുതിന എണ്ണ ഉപയോഗിക്കുന്നുണ്ട്. മുലക്കണ്ണുകളിൽ വ്രണവും വിള്ളലും ഉണ്ടാകുന്നത് മുലയൂട്ടൽ വേദനാജനകവും പ്രയാസകരവുമാക്കും. പുതിന എണ്ണ പുരട്ടുന്നത് മുലക്കണ്ണുകളിലെ വേദന ഒഴിവാക്കാനും മുലക്കണ്ണുകൾ വിണ്ടുകീറുന്നത് തടയാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പുതിനയിലെ ആന്റി ബാക്ടീരിയൽ, ആൻറി ഫംഗൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നു.
പുതിനയിലയിൽ സാലിസിലിക് ആസിഡും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ സെബം നിയന്ത്രിക്കാനും മുഖക്കുരു തടയാനും സഹായിക്കുന്നു. പുതിന എണ്ണ മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടി കൊഴിച്ചിൽ ചെറുക്കാനും സഹായിക്കും. പുതിനയില തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പുതിന സത്തിൽ അൽഷിമേഴ്‌സ് ലക്ഷണങ്ങളെ ചികിത്സിക്കാൻ കഴിവുണ്ടെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തി. പുതിനയില കഴിക്കുകയോ പുതിന എണ്ണ പുരട്ടുകയോ ചെയ്യുന്നത് മിക്കവർക്കും സുരക്ഷിതമാണ്. അപൂർവമായി മാത്രമേ അലർജിയുണ്ടാകാറുള്ളൂ. പുതിനയില കഴിക്കുന്നതിന് അപൂർവ്വമായി, അലർജിക്ക് കാരണമാകും. പുതിനയിലെ വലിയ അളവിൽ കഴിക്കുമ്പോൾ, നെഞ്ചെരിച്ചിൽ, ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...