അപകടകരമായ വൈറൽ അണുബാധയാണ് അഞ്ചാംപനി. ചെറിയ കുട്ടികളിൽ വാക്സിൻ ഉപയോഗിച്ച് എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കും. അഞ്ചാംപനി ബാധിച്ച ഒരു വ്യക്തി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, ശ്വസന തുള്ളികൾ വായുവിലേക്ക് പടരുന്നു, ഇത് രോഗം പടരാൻ കാരണമാകും. രോഗകാരിയായ വൈറസ് ബാധിച്ച് 10 മുതൽ 14 ദിവസത്തിന് ശേഷമാകും അഞ്ചാംപനിയുടെ ലക്ഷണങ്ങൾ പ്രകടമാകുക. ചുമ, മൂക്കൊലിപ്പ്, കണ്ണിൽ ചൊറിച്ചിൽ, തൊണ്ടവേദന, പനി, ചർമ്മത്തിൽ ചുവന്ന തിണർപ്പുകൾ എന്നിവയാണ് അഞ്ചാംപനിയുടെ ചില ലക്ഷണങ്ങൾ.
അഞ്ചാംപനി ബാധിച്ചാൽ പിന്നീട് ഉടനെ മാറുന്നില്ല. എന്നാൽ, പനി കുറയ്ക്കുന്നതിനും അഞ്ചാംപനി ഗുരുതരമായി ആരോഗ്യത്തെ ബാധിക്കാതിരിക്കാനും ചികിത്സ നൽകുന്നു. മുംബൈയിൽ നിരവധി അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. കേസുകളുടെ വർധനവിനെ ചെറുക്കുന്നതിന്, ഒമ്പത് മാസത്തിനും അഞ്ച് വയസ്സിനും ഇടയിൽ പ്രായമുള്ള 1,34,833 കുട്ടികൾക്ക് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മീസിൽസ്-റൂബെല്ല (എംആർ) വാക്സിൻ പ്രത്യേക ഡോസുകൾ നൽകും. അഞ്ചാംപനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അധിക ഡോസേജുകൾ നൽകാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തുടനീളമുള്ള 56 ബ്ലോക്കുകളിൽ നിന്നുള്ള കുട്ടികൾക്ക് വാക്സിൻ നൽകും.
ഒരാൾക്ക് അഞ്ചാംപനി വന്നാൽ, മീസിൽസ് വൈറസിനെ ഉന്മൂലനം ചെയ്യാൻ കഴിയുന്ന മരുന്നുകളൊന്നുമില്ല. മിക്ക മീസിൽസ് രോഗികളും സ്വയം സുഖം പ്രാപിക്കുകയാണ് ചെയ്യുന്നത്. അവർക്ക് പനി കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും അസറ്റാമിനോഫെൻ (ടൈലനോൾ) എടുക്കാം. വയറിളക്കം, ന്യുമോണിയ, അല്ലെങ്കിൽ ചെവിയിൽ അണുബാധ എന്നിവ അനുഭവപ്പെടുന്ന രോഗികൾ ചികിത്സയെ സംബന്ധിച്ച് ഡോക്ടറുമായി സംസാരിക്കണം. മീസിൽസ് വൈറസിന് ചികിത്സയില്ലെങ്കിലും, ആൻറിബയോട്ടിക്കുകൾ പോലുള്ള മറ്റ് മരുന്നുകൾ, അണുബാധയുടെ മറ്റ് രോഗാവസ്ഥകളെ ലഘൂകരിക്കാൻ സഹായിക്കും. അഞ്ചാംപനിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം വാക്സിനേഷനാണ്. യുഎസിൽ, കുട്ടികൾ പതിവായി അഞ്ചാംപനി വാക്സിൻ സ്വീകരിക്കുന്നു. രണ്ട് ഡോസ് മീസിൽസ് വാക്സിനേഷൻ ചട്ടം സാധാരണമാണ്. എംഎംആർ വാക്സിൻ രണ്ട് ഡോസുകൾക്ക് ശേഷം 97 ശതമാനം ഫലപ്രാപ്തിയും ഒന്നിന് ശേഷം 93 ശതമാനം ഫലപ്രാപ്തിയും ഉണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...