രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ള എല്ലാ സൗന്ദര്യ വർധക വസ്തുക്കൾക്കും പാർശ്വഫലങ്ങൾ ഉണ്ട്. ഹെയർ സ്പ്രേയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. മുടി മനോഹരമായി സെറ്റ് ചെയ്യുന്നതിന് ഹെയർ സ്പ്രേ സഹായിക്കും. എന്നാൽ, ഇത് നിങ്ങളുടെ ദൈനംദിന കേശസംരക്ഷണ വ്യവസ്ഥയുടെ ഭാഗമാക്കുന്നത് ഗുണകരമാകില്ല.
ഹെയർ സ്പ്രേകളിൽ പോളിമറുകളും ലായകങ്ങളും പോലെയുള്ള ചേരുവകൾ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ കണ്ണുകൾ, മൂക്ക്, തൊണ്ട, ചർമ്മം എന്നിവയെ പ്രകോപിപ്പിക്കും. തുമ്മൽ, കണ്ണുകളിൽ ചുവപ്പ് നിറം വരുന്നത്, തിണർപ്പ്, ചൊറിച്ചിൽ തുടങ്ങിയ അലർജികൾ ഉണ്ടാകുന്നതിന് ഹെയർ സ്പ്രേയുടെ ഉപയോഗം കാരണമാകാം.
ഹെയർ സ്പ്രേ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് ശ്വാസസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. കുറഞ്ഞ രക്തസമ്മർദ്ദവും ശ്വാസകോശ രോഗങ്ങളും ഇത് മൂലം ഉണ്ടാകാം. പല ഹെയർ സ്പ്രേകളിലും പ്രൊപിലീൻ ഗ്ലൈക്കോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് സ്ഥിരമായി ശ്വസിക്കുന്നത് കാൻസറിന് വരെ കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
നീളവും ആരോഗ്യവുമുള്ള മുടിക്ക് പ്രകൃതിദത്ത ഹെയർ ടോണിക്കുകൾ ഉപയോഗിക്കുക. ഇവ നിങ്ങളുടെ മുടി വേഗത്തിൽ വളരുന്നതിനും ആരോഗ്യത്തോടെയിരിക്കുന്നതിനും സഹായിക്കും. പ്രകൃതിദത്ത ഹെയർ ടോണിക്കുകൾ മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കില്ല. ഹെയർസ്പ്രേ ഉപയോഗിച്ചതിന് ശേഷം, മുടി നന്നായി കഴുകിയില്ലെങ്കിൽ നിങ്ങളുടെ മുടി വരണ്ട് പൊട്ടുന്നതിന് കാരണമാകും. പതിവായി ഹെയർസ്പ്രേ ഉപയോഗിക്കുന്നത് മുടിയുടെ അറ്റം പിളരുന്നതിന് കാരണമാകും.
ഹെയർസ്പ്രേ ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതെങ്ങനെ?
ഹെയർ സ്‌പ്രേയുടെ ക്യാൻ നിങ്ങളുടെ മുടിയിൽ നിന്ന് 12 ഇഞ്ച് അകലത്തിൽ പിടിക്കുന്നുവെന്ന് എപ്പോഴും ഉറപ്പാക്കുക. ഒരു പോയിന്റിൽ ഫോക്കസ് ചെയ്യുന്നതിനുപകരം നിങ്ങളുടെ മുടിയിലുടനീളം ഹെയർ സ്പ്രേ പുരട്ടുക. മിക്ക ഹെയർ സ്‌പ്രേകളിലും എത്ര നേരം മുടിയിൽ സ്‌പ്രേ വയ്ക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ മുടി കഠിനമാകാൻ തുടങ്ങിയതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, സ്പ്രേ ചെയ്യുന്നത് നിർത്തുക.
നന്നായി വായുസഞ്ചാരമുള്ള മുറിയിൽ വച്ച് മാത്രം ഹെയർസ്പ്രേ ഉപയോഗിക്കുക. കാരണം, നന്നായി വായു സഞ്ചാരമുള്ള മുറിയിൽ ആയിരിക്കുമ്പോൾ ഹെയർ സ്പ്രേ നിങ്ങൾ ശ്വസിക്കുന്നത് കുറവായിരിക്കും. ഹെയർ സ്‌പ്രേകളിൽ നിങ്ങളുടെ തലയോട്ടി വരണ്ടതാക്കുന്ന ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ ഉത്പന്നം നിങ്ങളുടെ തലയോട്ടിയിൽ നേരിട്ട് ഉപയോഗിക്കരുത്.
മുടിയിൽ മാത്രം ഉപയോഗിക്കുക. ഹെയർ സ്‌പ്രേകൾ തീപിടിക്കാൻ സാധ്യതയുള്ളതിനാൽ തീജ്വാലകൾക്ക് സമീപത്ത് വച്ച് ഉപയോഗിക്കരുത്. ഹെയർ സ്പ്രേ സൂര്യപ്രകാശം ഏൽക്കാത്ത തണുത്തതും ഇർപ്പമില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഹെയർസ്പ്രേ ഉപയോഗിച്ചതിന് ശേഷം ഉടൻ കൈ കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...