ഇന്ന് ലോക പരിസ്ഥിതി ദിനം; വിപത്തിനെ ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കൂ...

  ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ ആതിഥേയ രാജ്യം ഇന്ത്യയാണ്. പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യം 'പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക' എന്നതാണ്. 

Last Updated : Jun 5, 2018, 05:22 PM IST
ഇന്ന് ലോക പരിസ്ഥിതി ദിനം; വിപത്തിനെ ഒഴിവാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കൂ...

മനുഷ്യന്‍റെ കടന്നുകയറ്റം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുന്ന പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. എല്ലാ വർഷവും ജൂൺ 5ന് ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്‍റെ ലക്ഷ്യം. 

കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന് ഒരു പ്രത്യേകതയുണ്ട്. അത് എന്തെന്നാല്‍ ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്‍റെ ആതിഥേയ രാജ്യം ഇന്ത്യയാണ് എന്നത് തന്നെയാണ്. മാത്രമല്ല, പരിസ്ഥിതി ദിനത്തിന്‍റെ മുദ്രാവാക്യം 'പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക' എന്നതാണ്. കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഒരു ഓര്‍മപ്പെടുത്തലാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം നല്‍കുന്നത്.

പ്ലാസ്റ്റിക്‌ നല്ലതല്ല എന്ന് നമുക്കുതന്നെയറിയാം, എങ്കിലും നമ്മള്‍ മാരക വിഷമായ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നു. അറിയാമെങ്കിലും വലിയ കാര്യമാക്കുന്നില്ല എന്നതുതന്നെയാണ് സത്യം. മണ്ണിനെയും ജലത്തെയും ഈ പ്ലാസ്റ്റിക്‌ എത്രത്തോളം നശിപ്പിക്കുമെന്നത് നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്ന വസ്തുത ഇനിയെങ്കിലും നമ്മള്‍ കാര്യമായിട്ട് എടുക്കേണ്ടിയിരിക്കുന്നു.

മനുഷ്യനെ സാവധാനം കൊല്ലുന്ന വസ്തുവാണ് പല പ്ലാസ്റ്റിക് ഉത്പന്നങ്ങളും എന്നത് ലോകം തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അതുകൊണ്ടുതന്നെ പല വിദേശരാജ്യങ്ങളും ഇതിനു പിന്നിലെ കൊലയാളിയെ തിരിച്ചറിഞ്ഞ് പ്ലാസ്റ്റിക്കിന്‍റെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പക്ഷേ നമ്മുടെ രാജ്യം ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു നടപടിയും എടുത്തിട്ടില്ല.

പ്ലാസ്റ്റിക്ക് മണ്ണില്‍ 4000 മുതല്‍ 5000 വര്‍ഷം വരെ കാലം നശിക്കാതെ ഇരിക്കുന്നു. പ്ലാസ്റ്റിക്കിലെ ചില വിഷാംശങ്ങള്‍ ജലത്തില്‍ കലര്‍ന്ന് നമ്മുടെ കുടി വെള്ളത്തിലും കലരുന്നു. ഇത് നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കുവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, ഭക്ഷണം പാകം ചെയ്യുന്നതും ഒക്കെ ഇത്തരത്തില്‍ നമുക്ക് രോഗങ്ങള്‍ ഉണ്ടാവാന്‍ കാരണമാവുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാവുന്ന ഡയോക്‌സിന്‍ എന്ന വിഷം വായു മലിനീകരണം ഉണ്ടാക്കുന്നു. ഇത് ക്യാന്‍സറിനും കാരണമാവുന്നു.

പ്ലാസ്റ്റിക്കിന്‍റെ ഭാരക്കുറവും വിലക്കുറവുമാണ് പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കൂടുവാനുള്ള പ്രധാന കാരണം എന്നുതന്നെ പറയാം. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ മനസിലാക്കി നാം ഇതിനെ തടഞ്ഞേ പറ്റൂ. 

50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്കുകളാണ് കൂടുതല്‍ അപകടം വരുത്തുന്നത്. സംസ്‌കരിക്കാന്‍ കഴിയാത്തതും കത്തിച്ചാല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകമായ അസുഖങ്ങള്‍ക്ക് വഴിവെക്കുന്നതുമാണിത്. ഇത്തരം മാലിന്യങ്ങള്‍ കടല്‍തീരങ്ങളില്‍ കൂമ്പാരമാകുന്നത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ പ്രധാന ചര്‍ച്ചയാണ്.

എന്നാല്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരം മാലിന്യങ്ങളെ മറ്റൊരു വഴി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിനെ ടാറിനൊപ്പം ചേര്‍ത്ത് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയാണ്. 245631 കിലോ പ്ലാസ്റ്റികാണ് ഇതുവരെ സംസ്ഥാനത്ത് ടാറിങിന് ഉപയോഗിച്ചത്. എന്നാല്‍ ഈ പരിഹാരവും സുരക്ഷതവും ശാശ്വതവുമല്ല എന്ന അഭിപ്രായവുമുണ്ട്. 

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം മുഴുവനായും ഒഴിവാക്കുക, അതിന് വേണ്ടി നാം ശ്രമിക്കുക. ശ്രമിച്ചാല്‍ നടക്കാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ല. അതിനുവേണ്ടി ആരെങ്കിലും എന്തെങ്കിലും ആദ്യം ചെയ്യട്ടെ എന്നിട്ട് ഞാന്‍ ചെയ്യാം എന്നുള്ള ചിന്തമാറ്റി സ്വയം മുന്നോട്ട് ഇറങ്ങുക. ഈ ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാമോരോരുത്തര്‍ക്കും ഉണ്ടെന്ന കാര്യം ഒരിക്കലും മറക്കാതിരിക്കുക. നമ്മുടെ രാജ്യത്തെ പ്ലാസ്റ്റിക്‌ മുക്തരാജ്യമാക്കുക.

Trending News