Shanthakumari murder case: ശാന്തകുമാരി കൊലക്കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ

Shanthakumari murder case verdict: റഫീക്ക (51), അൽ അമീൻ (27), ഷെഫീഖ് (27) എന്നിവരെയാണ് നെയ്യാറ്റിൻകര കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 22, 2024, 01:47 PM IST
  • ശിക്ഷയിന്മേൽ തെളിവെടുത്തും വാദം കേട്ടുമാണ് വിധി പറഞ്ഞത്.
  • 14.1.2022 പകൽ 9 മണിക്കാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്.
  • വിധവയായ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്.
Shanthakumari murder case: ശാന്തകുമാരി കൊലക്കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. ശാന്ത എന്ന ശാന്തകുമാരിയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത ശേഷം മൃതദേഹം ഒളിപ്പിച്ച കേസിൽ ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്കും നെയ്യാറ്റിൻകര കോടതി വധശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി എ എം ബഷീർ ആണ് പ്രതികളെ ശിക്ഷിച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. പ്രതികൾ കുറ്റക്കാരെന്നു കോടതി നിരീക്ഷിച്ചിരുന്നു.

ശിക്ഷയിന്മേൽ തെളിവെടുത്തും വാദം കേട്ടുമാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ റഫീക്ക (51), രണ്ടാം പ്രതി പാലക്കാട് ജില്ലയിൽ പട്ടാമ്പി വിളയൂർ വള്ളികുന്നത്തു വീട്ടിൽ അൽ അമീൻ (27), മൂന്നാം പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൌസ് നമ്പർ 44 ഷെഫീഖ് (27) എന്നിവരെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 120(B), 342, 302, 201, 397 എന്നീ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, കവർച്ച എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്.

ALSO READ: പലതവണ പീഡനം, തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

14.1.2022ന് പകൽ 9 മണിക്കാണ് കേസിനാസ്പദമായ കുറ്റകൃത്യം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശാന്തകുമാരിയുടെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യാൻ അയൽ വീട്ടിൽ വാടകക്കാരായി വന്ന പ്രതികൾ ഗൂഢാലോചന നടത്തി കൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. അതിനായി പ്രതികളുടെ വസ്ത്രങ്ങളും മറ്റും രണ്ടാം പ്രതിയുടെ പാലക്കാട്ടുള്ള വീട്ടിലേക്ക് കൃത്യത്തിനും രണ്ടാഴ്ച മുന്നേ മുൻ‌കൂറായി മാറ്റിയിരുന്നു. 

വിധവയായ ശാന്തകുമാരി ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. മകൻ ഹോട്ടൽ വ്യവസായിയും മകൾ ആന്ധ്രപ്രദേശിലുമാണ്. കുടുംബ വീട്ടിൽ ഭർത്താവിന്റെ ആൽത്തറയിൽ സ്ഥിരം വിളക്ക് കത്തിച്ചു വെച്ചു കഴിഞ്ഞിരുന്ന ശാന്തകുമാരി എപ്പോഴും സ്വർണ ആഭരണങ്ങൾ അണിയുമായിരുന്നു. ഒന്നാം പ്രതി റഫീക്ക സൗഹൃദത്തിൽ ഏർപ്പെട്ട ശേഷം ശാന്തകുമാരിയെ കൃത്യ ദിവസം പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ചു വരുത്തി അന്യായ തടസം ചെയ്തു നിർത്തി രണ്ടും മൂന്നും പ്രതികൾ തുണി കൊണ്ടുള്ള കുരുക്കിട്ട് കഴുത്തു ഞെരിച്ച നേരം ഒന്നാം പ്രതി ഒരു ഇരുമ്പ് ചുറ്റിക കൊണ്ട് ശാന്തകുമാരിയെ തലയ്ക്കടിച്ചും, തുടർന്ന് രണ്ടാം പ്രതി അതേ ചുറ്റിക ഉപയോഗിച്ച് നെറ്റിയിലും തലയുടെ മറ്റു ഭാഗങ്ങളിലും അടിച്ചും കൊലപെടുത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങളായ ലക്ഷമീ ദേവിയുടെ ലോക്കറ്റുള്ള സ്വർണ്ണ മാല, ഇരു കൈകളിലും അണിഞ്ഞിരുന്ന വളകൾ, മോതിരം, മാട്ടിയോട് കൂടിയ കമ്മലുകൾ എന്നിവ പ്രതികൾ കവർന്നെടുത്തു.

മൃതദേഹം വീടിന്റെ തട്ടിൻ പുറത്തെ ആസ്ബസ്റ്റോസ് മേൽക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചു വെച്ചു. പ്രതികൾ മൂവരും ചേർന്ന് അന്നേ ദിവസം തന്നെ രണ്ട് തവണ ആയി വിഴിഞ്ഞം അഞ്ജനാ ജുവല്ലറിയിൽ കുറച്ചു ഭാഗം സ്വർണം വിറ്റ് കാശാക്കി. തുടർന്ന് പ്രതികൾ തിരുവനന്തപുരം പവർ ഹൗസ് റോഡിൽ അമലാസ് റെസിഡൻസി ഹോട്ടലിൽ ഏസി മുറി എടുത്തു താമസിച്ചു. 14.1.2022 രാത്രി തന്നെ തിരുവനന്തപുരത്തു നിന്നും തൃശൂർ പോകുന്ന ബസിൽ കയറി യാത്രക്കാരായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വിഴിഞ്ഞം പോലീസ് കഴക്കൂട്ടത്തു വെച്ചു കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഈ കേസിന്റെ അന്വേഷണത്തിൽ നിർണ്ണായക തെളിവായി. 

സ്വർണാഭരണങ്ങൾ കുറെ ഭാഗം ജുവല്ലറിയിൽ നിന്നും ബാക്കി ഉള്ളവ പ്രതികളുടെ പക്കൽ നിന്നും വിഴിഞ്ഞം പോലീസ് കണ്ടെടുത്തു. പ്രതികൾ മൂവരും ഈ കേസിന് കൃത്യം ഒരു വർഷം മുന്നേ 14.1.2021ന് കോവളം പോലീസ് സ്റ്റേഷൻ ക്രൈം കേസിൽ മൈനറായ ഒരു പെൺകുട്ടിയെ സമാന രീതിയിൽ ചുറ്റികക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്. ഈ കേസിലെ മൂന്നാം പ്രതി ഷെഫീഖ് മൈനറായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. പ്രതികൾ മൂവരും തിരുവനന്തപുരം, നെയ്യാറ്റിൻകര പോക്സോ കോടതികളിലെ കേസുകളിൽ നിലവിൽ പ്രതികളാണ്. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫീസർ അജയ് ടി.കെ യുടെ നേതൃത്വത്തിലുള്ള ടീമാണ് ആസ്ബസ്‌റ്റോസ് ഷീറ്റുകൾ ഇളക്കി മാറ്റി ശാന്തകുമാരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കായി പുറത്തെടുത്തത്. 

കേസിൽ പ്രോസീക്യൂഷൻ ഭാഗം 34 സാക്ഷികളെ വിസ്തരിച്ചു. കേസിൽപ്പെട്ട 61 രേഖകളും 34 വസ്തു വകകളും കോടതിയിൽ ഹാജരാക്കി. വിഴിഞ്ഞം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ശശി അന്വേഷണം നടത്തി ഫൈനൽ റിപ്പോർട്ട്‌ ഹാജരാക്കിയ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ കോടതിയിൽ ഹാജരായി. പോലീസ് പബ്ലിക് റിലേഷൻ ഓഫീസർ ആയി സീനിയർ സി പി ഓ ശ്രീകല പ്രവർത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News