തിരുവനന്തപുരം: വിവാഹ വീട്ടിലെ ടെറസില്‍ നിന്നു വീണു യുവാവു മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെമ്പായത്തായിരുന്നു ദാരുണ സംഭവം. കോലിയക്കോട് കീഴാമലയ്ക്കല്‍ സ്വദേശി ഷിബു (32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ സഹോദരന്‍ അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു (30), സുഹൃത്തുക്കളായ വെണ്‍പാലവട്ടം ഈ റോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍ (25), വെണ്‍പാലവട്ടം കുന്നില്‍ വീട്ടില്‍ നിതീഷ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സഹോദരിയുടെ വിവാഹം തടസമില്ലാതെ നടത്തുന്നതിനായി വിഷ്ണുവും കൂട്ടുകാരും ചികിത്സ ലഭ്യമാക്കാതെ ഷിബുവിനെ വീട്ടില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചത്. യുവാവ് ടെറസില്‍ നിന്നു വീഴുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍ നിന്ന് പൊലീസ് ശേഖരിച്ചിരുന്നു. സുഹൃത്തുക്കളുമായി ടെറസിന്റെ പടികള്‍ ഇറങ്ങുന്നതിനിടെ ഷിബു മുകളില്‍ നിന്ന് താഴേക്കു വീഴുന്നതാണു ദൃശ്യങ്ങളിലുള്ളത്. അവശ നിലയിലായ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും സുഹൃത്തുകള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചു. പിറ്റേന്ന് ഷിബു രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.
ഷിബുവിനെ ആദ്യം കന്യാകുളങ്ങരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സിടി സ്‌കാനും എക്‌സ്‌റേയും എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരിശോധനയ്ക്കു നില്‍ക്കാതെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിച്ചു. ഷിബുവിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്നാണ് മെഡിക്കല്‍ കോളജില്‍ പറഞ്ഞത്. ഇതിനായി വ്യാജ പേരുകളാണ് പ്രതികള്‍ നല്‍കിയത്. പ്രായമായ അമ്മൂമ്മ മാത്രമാണ് ഷിബുവിന്റെ വീട്ടിലുണ്ടായിരുന്നത്. കൈയിലുണ്ടായിരുന്ന ഡ്രിപ്പിന്റെ സൂചി പോലും ഊരിമാറ്റിയിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
പിറ്റേന്നു രാവിലെ വായിലൂടെയും മൂക്കിലൂടെയും രക്തം വാര്‍ന്ന് ഷിബു മരിച്ചു. സുഹൃത്തുക്കളെ ബന്ധപ്പെടാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആരെയും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഷിബു കല്യാണ ജോലിക്കു വന്നയാളാണെന്നാണ് കസ്റ്റഡിയിലുള്ളവര്‍ ആദ്യം മൊഴി നല്‍കിയത്. കല്യാണ ചടങ്ങുകളുടെ വീഡിയോ പരിശോധിച്ചപ്പോള്‍ ഷിബു ഇവരുടെ സുഹൃത്താണെന്നു തെളിഞ്ഞു. ടെറസില്‍ വച്ച് ആറോളം പേര്‍ ചേര്‍ന്നു മദ്യപിച്ചതായി പൊലീസിനു അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...