ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം ജിഷ മോളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് ഇന്ന് ശേഖരിക്കും. കളളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ ബാങ്ക് രേഖകളിൽ നിന്നും ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. ഒപ്പം ചാരുംമൂട്, കായകുളം എന്നിവിടങ്ങളിൽ നിന്ന് അടുത്തിടെ കള്ളനോട്ടുകൾ പിടിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ജിഷയ്ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇത് പരിശോധിക്കാനായി നോട്ടുകൾ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ജിഷ പിടിയിലായപ്പോൾ ഒളിവിൽ പോയ ആളെപ്പറ്റിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പല തെറ്റായ വിവരങ്ങളും നൽകിയ കൂട്ടത്തിൽ ജിഷ തന്നെയാണ് ഇയാളെപ്പറ്റിയുള്ള സൂചന നൽകിയത്. ഇതിനിടെ കോടതിയുടെ നിർദേശ പ്രകാരം ജിഷയെ പത്തു ദിവസത്തേക്ക് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ജിഷയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് അഭിഷേകാണ് വാദിക്കുകയും ജിഷ ഇത് സമ്മതിക്കുകയൂം ചെയ്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ ഈ നടപടി. ഇത് കള്ളനോട്ട് സംഘത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനുളള ജിഷയുടെ അടവാണോയെന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്.
ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ഒരു വ്യാപാരി കൊണ്ടുവന്ന അഞ്ഞൂറ് രൂപയുടെ ഏഴ് നോട്ടുകളിൽ മാനേജർക്ക് സംശയം തോന്നിയതോടെയാണ് കാര്യങ്ങളുടെ ചുരുൾ അഴിയുന്നത്. ഇതിനെ തുടർന്നുള്ള അന്വേഷണമാണ ജിഷയുടെ അറസ്റ്റിലേക്ക് നയിച്ചത്. അന്വേഷണത്തിൽ ജിഷയുടെ വീട്ടിലെ ജോലിക്കാരൻ വ്യാപാരിക്ക് നൽകിയ നോട്ടുകളാണെന്നും ഈ നോട്ടുകൾ ജോലിക്കാരന് നൽകിയത് ജിഷയാണെന്നും കണ്ടെത്തുകയായിരുന്നു. അറസ്റ്റിനെ തുടർന്ന് എം ജിഷ മോളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചു, ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളും ജിഷക്കെതിരെയുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ ജിഷയുടെ ചികിത്സ തുടങ്ങിയതായും പോലീസ് അറിയിച്ചു. ജിഷയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പോലീസ് ശ്രമം നടത്തുന്നതിടെയായിരുന്നു ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...