Kochi : ചോദ്യം ചെയ്യലിനായി സ്വപ്‍ന സുരേഷ് ഇഡിക്ക് സമൻസ് അയച്ചെങ്കിലും ആരോഗ്യ പ്രശ്‍നങ്ങൾ മൂലം ഹാജരാകാൻ സാധിക്കില്ലെന്ന് സ്വപ്ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ മാസം 15 ന് ഇഡിക്ക് മുമ്പിൽ ഹാജരാകാമെന്നും സ്വപ്ന സുരേഷ് അറിയിച്ചിട്ടുണ്ട്.
കസ്റ്റഡിയിൽ ഇരിക്കുന്ന സമയത്ത് പുറത്ത് വിട്ട ഫോൺ റെക്കോർഡിനെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന ഫോൺ റെക്കോർഡ് തിരക്കഥയായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ഈ ഫോൺ റെക്കോർഡിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാനാണ് സ്വപ്‍ന സുരേഷിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ നിർദ്ദേശം അനുസരിച്ച് ഗാർഡ് നിന്ന് പൊലീസ് ഉദ്യോഗസ്ഥ റെക്കോർഡ് ചെയ്ത ശബ്‌ദരേഖയാണ് പുറത്ത് വന്നതെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞിരുന്നു.
കേന്ദ്ര ഏജൻസിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്ക് ഭയമില്ലെന്നും സ്വപ്ന സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടായി പറഞ്ഞിരുന്നു. "ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സ്ത്രീ എന്തിന് ഭയക്കണം, ഒന്നെങ്കിൽ മരണം അല്ലെങ്കിൽ ഒരു ആക്രമണം അതുമല്ലെങ്കിൽ ജയിൽ. അതൊന്നും എന്നെ ബാധിക്കുന്നില്ല" വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പേടി തോന്നുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സ്വപ്ന മറുപടി നൽകി.
എന്നാൽ താൻ മാധ്യമങ്ങളോടായി പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ശിവശങ്കർ എന്നയാളെ കുറിച്ച് താൻ ഒരു കള്ളവും പറഞ്ഞിട്ടില്ല എന്ന് സ്വപ്ന പറഞ്ഞു. ശിവശങ്കർ പുസ്തകത്തിൽ തന്നെ കുറിച്ച പറഞ്ഞിരിക്കുന്നത് കള്ളമായതിനെ തുടർന്നാണ് താൻ ആദ്യമായി മാധ്യമങ്ങളുടെ മുന്നിലേക്ക് വന്നതെന്ന് സ്വപന കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...