തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാതശിശുവിനെ അമ്മ ശ്വാസംമുട്ടിച്ചുകൊന്നു. അമ്മ അറസ്റ്റില്‍. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ജൂലി (40) ആണ് അറസ്റ്റിലായത്. പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ അയൽവാസികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, തമിഴ്നാട്ടിലെ കുളച്ചൽ, കന്യാകുമാരി തുടങ്ങി വിവിധ സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ അന്ന്വഷണത്തിൽ ജൂലിയാണ് നവജാത ശിശുവിന്റെ മാതാവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പ്രസവിച്ചതായി സ്ഥിരീകരിച്ചത്.
കഴിഞ്ഞ 18ന് പുലർച്ചെ 3.30ഓടെയാണ് സംഭവമുണ്ടായത്. മാമ്പള്ളി പള്ളിക്ക് സമീപത്തെ നടവഴിയിലെ പൈപ്പിൻ ചുവട്ടിലാണ് നവജാത ശിശുവിന്റെ മൃതശരീരം കണ്ടെത്തിയത്. തെരുവ് നായക്കൾ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിടുകയും ഇവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു.
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ: ജൂലൈ 15ന് വെളുപ്പിന് 5:30 ന് വീട്ടിൽ പ്രസവിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം പ്രതി കുഴി കുത്തി മറവുചെയ്യുകയായിരുന്നു. പ്രസവ സമയത്ത് കരഞ്ഞ കുട്ടിയെ വായും മൂക്കും പൊത്തി പിടിച്ച് കൊലപ്പെടുത്തിയ ശേഷം ഒരു ബക്കറ്റിൽ സൂക്ഷിക്കുകയും തുടർന്ന് രാവിലെ ആറ് മണിയോടെ വീടിനടുത്തുള്ള ശുചിമുരിയ്ക്ക് പുറകുവശത്തായി മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു.
ഇത് മൂന്നാം ദിവസം തെരുവ് നായ്ക്കൾ മണത്തെത്തി ശവശരീരം കടിച്ചെടുത്ത് റോഡിൽ കൊണ്ടിടുകയും കടിച്ചു പറിയ്ക്കുകയുമായിരുന്നു. തെരുവ്നായ്ക്കളുടെ ആക്രമണത്തിൽ കുഞ്ഞിന്റെ ഒരു കാലും കൈയും നഷ്ടപ്പെട്ടിരുന്നു. പ്രതിയെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ്പ ദേവ, വർക്കല എ.എസ്.പി വിജയഭരത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രൈജു ജി കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്സ്.ഐ രാഹുൽ ആർ ആർ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ എസ്സ് ഐ മാഹീൻ ബി, എ.എസ്സ്. ഐ മാരായ വിനോദ്കുമാർ, ജൈനമ്മ എസ്സ് സി.പി.ഒ മാരായ ഷിബു. ഷിബുമോൻ, ഷാൻ, സി.പി.ഒ മാരായ ഷംനാസ്, പ്രജീഷ്, അനു കൃഷ്ണൻ, സുജിത്ത് വൈശാഖൻ സതീശൻ, ഗോകുൽ, കിരൺ, പ്രമോദ് തുടങ്ങിയവർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...