എറണാകുളം: കൊച്ചി കലൂരിൽ കാറിടിച്ച് മാലിന്യ ശേഖരണത്തൊഴിലാളി മരിക്കാനിടയായ സംഭവത്തില്‍ കാറിലുണ്ടായിരുന്ന യുവാക്കൾക്കെതിരെ പോക്സോ കേസും.
തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ലഹരി മരുന്ന് നൽകി ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയിലാണ് അമിത വേഗതയിൽ കലൂരില്‍ വിവിധ വാഹനങ്ങളിലിടിച്ച് കാർ നിര്‍ത്താതെ പോയത്. തുടർന്ന് കാര്‍ നാട്ടുകാര്‍ പിന്തുടർന്ന് പിടികൂടി. ഓട്ടോറിക്ഷയിലും സ്ക്കൂട്ടറിലും ഇടിച്ച കാർ പിന്നീട് ഉന്തുവണ്ടിയുമായി പോവുകയായിരുന്ന മാലിന്യശേഖരണ തെഴിലാളിയെ ഇടിച്ച് തെറിപ്പിച്ചിട്ടും നിർത്താൻ തയ്യാറായിരുന്നില്ല. മാലിന്യ ശേഖരണ തൊഴിലാളിയായ വിജയന് അപകടത്തില്‍ മരണപ്പെട്ടു. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ നിര്‍ത്താതെ പോകുന്നത് വ്യക്തമായി കാണാം.
ഇതെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന സോണി, ജിത്തു എന്നിവരെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.അതേ സമയം കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായും അപകടത്തെത്തുടര്‍ന്ന് ഇരുവരും കാറില്‍ നിന്നിറങ്ങിയോടിയതായും ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞിരുന്നു.പെണ്‍കുട്ടികളെ പിന്നീട്, പോലീസ് കണ്ടെത്തി മൊഴിയെടുത്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
യുവാക്കള്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയതോടെ ഇരുവര്‍ക്കുെമതിരെ പോക്സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.ഇതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ യും കഞ്ചാവും കണ്ടെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...