കൊല്ലം: ജവാനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം കടയ്‌ക്കൽ ചാണപ്പാറയിലാണ് സംഭവം. പട്ടാളക്കാരനെ കെട്ടിയിട്ട് മർദ്ദിച്ചതിന് ശേഷം മുതുകിൽ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഇന്ത്യൻ സൈന്യത്തിൽ രാജസ്ഥാനിലുള്ള ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ കോർപ്സിലെ ഹവീൽദാർ ഷൈനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 27 ന് നാട്ടിൽ എത്തിയ സൈനികൻ തിരികെ പോകാനൊരുങ്ങുകയായിരുന്നു. ഇതിനുമുൻപാണ് കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചത്. ആരോ ബോധം കെട്ടു കിടക്കുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞായിരുന്നു കൊണ്ടുപോയത്.
തുടർന്ന് ഷൈനെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി മുഖത്ത് പ്ലാസ്റ്റിക് കവർ ഇട്ട് മൂടി, കൈ കെട്ടിയിട്ടായിരുന്നു മർദ്ദനം. മർദ്ദനമേറ്റ ഷൈൻ ബന്ധുവിനെ വിളിച്ചു വരുത്തിയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും ഷൈനെ പ്രവേശിപ്പിച്ചു
തീവ്രവാദ വിരുദ്ധ സ്ക്വാഡ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവരടങ്ങുന്ന ഉന്നത പോലീസ് മേധാവികൾ സംഭവ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെത്തി പരാതി നൽകുമെന്ന് ഷൈൻ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...