ഇടുക്കി: Pooppara Gang Rape Case: ഇടുക്കി പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത രണ്ടു പേർക്ക് ജാമ്യം. ജാമ്യം നൽകിയത് തൊടുപുഴ ജ്യൂവനൈൽ ജസ്റ്റീസ് ബോർഡാണ്.
പൊലീസ് നടപടികൾക്കു ശേഷം രണ്ടുപേരെയും ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും. ആവശ്യമെങ്കിൽ തൊടുപുഴയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് സ്ഥിരമായി മാറ്റും. പെൺകുട്ടിയെ ആദ്യ വട്ട കൗൺസിലിംഗിനു ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൗൺസിലിംഗ് ഒരു തവണ കൂടി നൽകാനാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ രണ്ടു പേരെക്കൂടി കഴിഞ്ഞ ദിവസം ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ് നാട്ടിലേക്ക് രക്ഷപ്പെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്
അറസ്റ്റിലായവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ രക്ഷകർത്താക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്.
ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങിയശേഷം ഇരുവരും എസ്റ്റേറ്റ് പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി അവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായി അഞ്ച് പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തുകയും തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നു. ശേഷം നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തുകയും പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...