പോലീസ് മർദ്ദനമെന്ന് പരാതി;യുവതിയടക്കം നാലംഗ കുടുംബം വിഷം കഴിച്ചു

തൃശ്ശൂര്‍ കാഞ്ഞാണിയിലെ വീട്ടിൽ താൽക്കാലികമായി വീട്ടു ജോലി ചെയ്തു വരികയായിരുന്നു കവിത

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 01:21 PM IST
  • വയറിലും മുഖത്തും ക്രൂരമായി മർദിച്ചുവെന്ന് പരാതിയിൽ
  • മകനെ കേസിൽ കൊടുക്കാതിരിക്കണമെങ്കിൽ കുറ്റം സമ്മതിക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടു എന്നും പരാതി
പോലീസ് മർദ്ദനമെന്ന് പരാതി;യുവതിയടക്കം നാലംഗ കുടുംബം വിഷം കഴിച്ചു

തൃശ്ശൂർ: തൃശൂരിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് മർദ്ദനമേറ്റ യുവതിയും നാലംഗ കുടുംബവും വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. അന്തിക്കാട് മാങ്ങാട്ടുകരയിൽ താമസിക്കുന്ന കവിതയും കുടുംബമാണ് തൃശൂർ മെഡിക്കൽകോളേജിൽ ചികിത്സയിലുള്ളത്. 

തൃശ്ശൂര്‍ കാഞ്ഞാണിയിലെ വീട്ടിൽ താൽക്കാലികമായി വീട്ടു ജോലി ചെയ്തു വരികയായിരുന്നു കവിത. ജോലി ചെയ്ത വീട്ടിൽ നിന്നും സ്വർണ്ണം മോഷ്ടിച്ചുവെന്നാരോപിച്ച് കവിതയ്ക്കെതിരെ വീട്ടുടമ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയില്‍ ഇക്കഴിഞ്ഞ ജൂൺ അഞ്ചിന് കവിതയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.  വിവരങ്ങൾ ആരാഞ്ഞെങ്കിലും കവിത കുറ്റം സമ്മതിച്ചില്ല. തുടർന്ന് ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ കുറ്റം സമ്മതിക്കാത്തതിനാൽ മടക്കി അയച്ചു.

ഇതിനിടയിൽ പരാതിക്കാരന്റെ നേതൃത്വത്തിൽ യുവതിയുടെ മകൻ മീൻ കച്ചവടം നടത്തിയിരുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി. ഇതോടെ കുടുംബം വലിയ മാനസിക സമ്മർദ്ദത്തിൽ ആയി. തൊട്ടു പിന്നാലെ ഈ മാസം 12ന്  യുവതിയെ വീണ്ടും വിളിപ്പിച്ചു. സ്റ്റേഷനിൽ എത്തിയ കവിതയെ അകത്തെ ഒരു മുറിയിൽ കൊണ്ടുപോയി വെളുത്ത് മെലിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ മർദ്ദിച്ചു എന്നാണ് കവിതയുടെ ആരോപണം.

വയറിലും മുഖത്തും ക്രൂരമായി മർദിച്ചു. ഭയന്ന കവിതയോട് മകനെ കേസിൽ കൊടുക്കാതിരിക്കണമെങ്കിൽ കുറ്റം സമ്മതിക്കണം എന്ന് പോലീസ് ആവശ്യപ്പെട്ടു. മലയാളം എഴുതാനും വായിക്കാനും  അറിയാത്ത കവിതയെ കൊണ്ട്  മലയാളത്തില്‍ കുറ്റം സമ്മതിച്ചതായി നേരത്തെ എഴുതി തയ്യാറാക്കിയ പേപ്പറിൽ   ഒപ്പിട്ടു വാങ്ങി. ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പാണ് ഇവരോട് ഒപ്പിട്ട് വാങ്ങിയത്. പിന്നീട് പരാതിക്കാരന്റെ കുടുംബം പോലീസിന്റെ ഒത്താശയോടെ ഇവരുടെ ആധാരം തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും കവിത പറഞ്ഞു. 

എസ്ഐയുടെ സ്വാധീനം ഉപയോഗിച്ച് തങ്ങളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കവിതയുടെ ആരോപണം. മര്‍ദനത്തില്‍ ശാരീരീക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് 12ന് രാത്രി മെഡിക്കല്‍ കോളേജില്‍ചികിത്സ തേടി.   തുടർന്ന് പതിമൂന്നിന് രാവിലെ തിരികെ വീട്ടിലെത്തിയ ശേഷം  മനോവിഷമത്തിൽ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുടുംബം അപകടനില തരണം ചെയ്തു.

ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നാലെ കവിതയ്ക്കെതിരെ ഇന്നലെ മോഷണക്കുറ്റത്തിന് അന്തിക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരായ കാഞ്ഞാണി സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരമാണ് ഒത്തുതീർപ്പ് ശ്രമം നടത്തിയത് എന്നാണ് അന്തിക്കാട് പോലീസിന്റെ വിശദീകരണം. ഒരു സ്ത്രീയെന്ന പരിഗണന മുൻനിർത്തിയാണ് ഇവർക്കെതിരെ ആദ്യഘട്ടത്തിൽ കേസ് ചുമത്താതിരുന്നത്. മോഷണം നടന്നതിന് കൃത്യമായ തെളിവുണ്ടെന്നും കവിത  കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്തിക്കാട് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News