വടക്കഞ്ചേരി: പാലക്കാട്,വടക്കഞ്ചേരി മഞ്ഞപ്രയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മഞ്ഞപ്ര സ്വദേശികളായ ചിറകുന്നത്ത് വീട്ടില്‍ അരുണ്‍ (30), പ്രതീഷ് (38), രാജേന്ദ്രന് (മൊട്ട -30), നിഖില്‍ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മഞ്ഞപ്ര പന്നിക്കോട് നാലു സെന്‍റ് കോളനിയിലെ അഭയനെ രാവിലെ പ്രദേശത്തെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വൈദ്യുതാഘാതമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാട്ടു പന്നികളെ തുരത്താനായി വൈദ്യുതി കെണി ഒരുക്കിയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിൻറെ നിഗമനം.
തുടർന്ന് പരിസരവാസികളടക്കമുള്ളവരെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. വ്യാഴാഴ്ച രാത്രി 10ഒാടെ പ്രതികളായ യുവാക്കള്‍ മഞ്ഞപ്ര ചേറുംതൊടിയിലെ പാടത്ത് മോട്ടോര്‍ ഷെഡില്‍ നിന്നും വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ പിടിക്കാന്‍ കെണിയൊരുക്കി. കെണിയിൽ അഭയൻ പെട്ടു.
പിറ്റേന്ന് പുലര്‍ച്ചെ നാലിന് കെണി സ്ഥാപിച്ച സ്ഥലത്ത് എത്തിയ പ്രതികള്‍ അഭയന് വയലില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. നേരത്തെ കുഴൽമന്ദത്തും സമാന സംഭവം ഉണ്ടായിട്ടുണ്ട്. പന്നിയെ തുരത്താൻ വെച്ച കെണിയിൽ പെട്ട് യുവാവ് മരിച്ചിരുന്നു. കാട്ട് മൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായാണ് ഇത്തരത്തിൽ അനധികൃതമായി വൈദ്യുതി പ്രവഹിപ്പിക്കുന്നത്. ഇതിനോടകം പാലക്കാട് ജില്ലയിൽ കുറഞ്ഞത് 10 പേരെങ്കിലും ഇത്തരത്തിൽ അപകടത്തിൽപ്പെട്ടു മരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...