ഇലന്തൂർ ഇരട്ടനരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ക്രൂരകൃത്യങ്ങളും വെളിച്ചത്തുവരുമ്പോൾ ഷാഫിക്ക് അമേരിക്കൻ ക്രിമിനൽ ജെഫ്രി ഡാമറുമായി സാമ്യതകൾ ഏറെയാണ്. 17 പുരുഷൻമാരെ ക്രൂരമായി കൊലചെയ്ത് ആന്തരികാവയവങ്ങൾ ഭക്ഷിച്ച ഡാമർ. 1978 -1991 കാലങ്ങളിലാണ് 17 പേരെയും കൊലപ്പെടുത്തിയത്. സ്വവർഗാനുരാഗികളായ പുരുഷൻമാരും കറുത്ത വർഗക്കാരുമായിരുന്നു ഇയാളുടെ ഇരകൾ.
1960 മെയ് 21ന് അമേരിക്കയിലെ വിസ്കോസിലാണ് ജെഫ്രിയുടെ ജനനം. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ് സ്വഭാവക്കാരനായിരുന്നു ചെറുപ്പത്തിലെ ഡാമർ. ചത്തമൃഗങ്ങളെ വീട്ടിലേക്ക് എടുത്തുകൊണ്ടുവന്ന് കീറിമുറിച്ച് ആന്തരികഭാഗങ്ങൾ പരിശോധിക്കുന്നത് ഡാമറിന്റെ ഹോബിയായിരുന്നു. സ്കൂളിൽ സഹാപാഠികളെ രസിപ്പിക്കാൻ ചില പൊടികൈകളും കാട്ടിയിരുന്നു. അപസ്മാരവും ഫിക്സും ഉള്ളതായി അഭിനയിച്ച് ക്ലാസിൽ ബോധരഹിതനായി വീഴും. അങ്ങനെ സഹപാഠികളെ രസിപ്പിക്കുകവഴി ചെറിയ ആരാധക്കൂട്ടത്തെയും സ്കൂളിൽ നേടിയിരുന്നു. സാധാരണകുട്ടികളെപ്പോലെ ആയിരുന്ന ഹാമർ വളരുംന്തോറും ആരോടും അധികം സംസാരിക്കാതെ ആയി. വളരെ ചെറുപ്പത്തിലേ മദ്യപാനം തുടങ്ങി. 1978ൽ ബിരുദം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും മുഴുക്കുടിയനായി മാറിയിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനവും അവനെ അലട്ടിയിരുന്നു. സാധാരണ കുട്ടികൾ അവരുടെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കുക നൈറ്റ് പാർട്ടി ഒരുക്കിയും മദ്യപിച്ചു ഒക്കെയാകും. എന്നാൽ ഇത്തരം രീതികൾ ഇഷ്ടമല്ലാതിരുന്ന ജെഫ്രി ഡാമർ ഒരു കൊലപാതകം നടത്തിയാണ് തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്.
ഡാമറുടെ ആദ്യ കൊലപാതകം
1978 ജൂൺ 18നാണ് ജെഫ്രി ഡാമറുടെ ആദ്യ കൊലപാതകം. അന്ന് രാത്രി സ്റ്റീവ് ഹിക്സ് എന്ന സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിച്ചു. ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം അയാൾ പോകാൻ ഇറങ്ങി. അതിന് സമ്മതിക്കാതെ ഡാമർ അയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കീറിമുറിച്ചു. ശരീരം കഷ്ണങ്ങളായി വീട്ടുപരിസരത്ത് കുഴിച്ചിട്ടു. പിന്നീട് നാളുകൾക്ക് ശേഷം കുഴിയിൽ നിന്ന് പുറത്തെടുത്ത് രാസപദാർഥം ചേർത്ത് അലിയിച്ചു. എല്ലുകൾ പൊടിച്ച് വീട്ടുമുറ്റത്ത് ചെടികൾക്ക് വിതറി. "അവൻ എന്റെ വീട്ടിൽ നിന്നും പോകാൻ തുടങ്ങി. എനിക്ക് അവനെ വിടാൻ തോന്നിയില്ല' എന്നാണ് ഈ സംഭവത്തിൽ ഇയാൾ പൊലീസിനോട് പറഞ്ഞത്. പിന്നീട് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഡാമർ തന്റെ അടുത്ത കൊലപാതകം നടത്തുന്നത്.
അമിതമായ മദ്യപാനം മൂലം ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിതാവ് ജെഫ്രി ഡാമറെ നിർബന്ധിച്ച് സൈനിക സേവനത്തിന് അയച്ചു. ജർമിനിയിൽ 1979 മുതൽ 1981 വരെ സൈനിക സേവനം അനുഷ്ഠിച്ചു. എന്നാൽ അവിടെ തുടരാൻ താൽപര്യപ്പെടാതിരുന്ന ഡാമർ വീട്ടിലേക്ക് തിരിച്ചു. മദ്യപാനം കൂടിയതോടെ പിതാവ് വിസ്കോസിനുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് ഡാമറെ അയച്ചു. പ്രായപൂർത്തിയായ ശേഷമാണ് താൻ ഒരു ഗേ ആണെന്ന് ഡാമർ തിരിച്ചറിയുന്നത്. 1985 മുതൽ സ്വവർഗാനുരാഗികളെ സന്ദർശിക്കുന്നത് പതിവാക്കി. അവിടെ അയാൾ പുരുഷന്മാരെ മയക്കുമരുന്ന് നൽകുകയും അവർ അബോധാവസ്ഥയിൽ കിടക്കുമ്പോൾ അവരെ ബലാത്സംഗം ചെയ്യുകയും ചെയ്തു. 1982 ലും 1986 ലും അസഭ്യം പറഞ്ഞ സംഭവങ്ങളുടെ പേരിൽ രണ്ട് തവണ അറസ്റ്റ് ചെയ്തെങ്കിലും പീഡനക്കുറ്റം ചുമത്തിയിരുന്നില്ല.
രണ്ടാംകൊലപാതകം
1987 സെപ്തംബറിൽ രണ്ടാംകൊലപാതകം. ബാറിൽ മദ്യപിക്കുന്നതിനിടെ പരിചയപ്പെട്ട സ്റ്റീവൻ ട്യൂമി എന്നയാൾ ആയിരുന്നു അത്. അയാളുമായി ഹോട്ടലിൽ മുറിയെടുത്തു. പിറ്റേന്ന് അടിയേറ്റ് മരിച്ച നിലയിൽ ട്യൂമിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. തൊട്ടടുത്ത വർഷം രണ്ട് പേർ, അതിന് ശേഷം ഒരാൾ, 1990ൽ നാലുപേരെയും കൊന്നു. ബാറുകളിൽ നിന്നും വേശ്യാലയങ്ങളിൽ നിന്നും ഉള്ള പുരുഷൻമാർ ആയിരുന്നു ഇരകളിൽ കൂടുതലും. സാമ്പത്തികശേഷി കുറഞ്ഞ ആഫ്രിക്കൻ അമേരിക്കകാരെയും ഏഷ്യൻ വംശജരും ആയിരുന്നു ഇരകളിൽ ഏറെയും.
പ്രത്യേകതരം മാനസികാവൈകല്യമായിരുന്നു ഹാമറിന്. ഇരകളുടെ ശരീരത്തെ ക്രൂരമായി മുറിവേൽപിക്കുന്നതിൽ സംതൃപ്തി കണ്ടെത്തിയ ആൾ. മൃതദേഹങ്ങളിൽ നിന്ന് അവയവയങ്ങൾ എടുത്ത് ഭക്ഷിക്കും. മൃതശരീരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. ചിലരുടെ തല തുരന്ന് ഹോഡ്രോക്ലോറിക് ആസിഡ് തലച്ചോറിലേക്ക് ഒഴിച്ചു. ആ തുളയിലൂടെ ചൂടുള്ള വെള്ളം ഒഴിച്ചു. ജീവിച്ചിരിക്കെ അവർ തന്റെ പൂർണ നിയന്ത്രണത്തിലാകുമോ എന്നറിയാൻ മ്യൂരിയാറ്റിക് ആസിഡ് കുത്തിവച്ചുനോക്കി. മനുഷ്യ ഹൃദയം തുരന്നെടുത്ത് പിന്നീട് ഭക്ഷിക്കാനായി സൂക്ഷിച്ചുവയ്ക്കുന്നതും ഇയാളുടെ രീതിയായിരുന്നു. മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക അവയുടെ വ്യത്യസ്ഥ രീതിയിലുള്ള ഫോട്ടോകൾ എടുക്കുക എന്നതും ശീലമായിരുന്നു. ജീവനറ്റ ശരീരങ്ങൾ സൂക്ഷിച്ചുവയ്ക്കാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിന് വേണ്ടി രാസലായനികൾ ഉപയോഗിച്ചു. അതിന് കഴിയാത്തപ്പോൾ അവരുടെ അസ്ഥികൂടങ്ങൾ മുറിയിൽ കൊണ്ടുവന്ന് സൂക്ഷിച്ചു. ഫ്രിഡ്ജിൽ പ്രത്യേക ജാറുകളിലാക്കി സൂക്ഷിച്ച ഇരകളുടെ ജനനേന്ദ്രിയവും മറ്റ് ശരീരഭാഗങ്ങളും പോലീസ് കണ്ടെടുത്തിരുന്നു.
ആണുങ്ങളായിരുന്ന ഡാമറുടെ ഇരകളെല്ലാം.
അംബ്രോസിയയിലെ ചോക്ലേറ്റ് ഫാക്ടറിയിൽ കുറച്ചുകാലം ജെഫ്രി ഡാമർ ജോലി ചെയ്തിരുന്നു. അവിടെവച്ച് 13 വയസുള്ള ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം ജയിൽശിക്ഷയും അനുഭവിച്ചു. 1990ൽ നാല് പേരെയാണ് കൊലപ്പെടുത്തിയത്. 91ൽ എട്ട് പേരെയും കൊന്നു. 1991 ആയപ്പോഴേക്കും ഓരോ ആഴ്ചയും ഓരോരുത്തരെ കൊല്ലുന്ന നിലയിലേക്ക് ഡാമർ മാറിയിരുന്നു. മർദ്ദനമേറ്റ് മൃതപ്രായരായവരെ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടും. ഡാമർ താമസിച്ചിരുന്ന അപ്പാർട്ട്മെൻറിൽ നിന്ന് വൃത്തികെട്ട മണം വരുന്നതായി സമീപവാസികൾ പരാതിപ്പെടാൻ തുടങ്ങിയിരുന്നു.
ഒരിക്കൽ ഡാമർ മർദ്ദിച്ച് അവശനാക്കിയ ഒരാൾ ഡാമർ പുറത്തുപോയ സമയം രക്ഷപെട്ട് തെരുവിലിറങ്ങി ആളുകളോട് സഹായം ആവശ്യപ്പെട്ടു. എന്നാൽ മടങ്ങിയെത്തിയ ഡാമർ അയാൾ തന്റെ ഗേ സുഹൃത്താണെന്ന് പോലീസിനെ വിശ്വസിപ്പിച്ചു. കൂടുതൽ അന്വേഷിക്കാൻ പോലീസ് തയ്യാറായതും ഇല്ല. അങ്ങനെ കഷ്ടിച്ച് അയാൾ കൊല്ലപ്പെടാതെ രക്ഷപ്പെട്ടു. 1991, ജൂലൈ 22- ട്രേസി എഡ്വാർഡ് എന്നയാളെ അയാളുടെ കമ്പനിക്ക് സഹായമായി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് ജെഫ്രി ഡാമർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ബെഡ്റൂമിൽ കയറ്റിയ ഉടൻ മർദിക്കാൻ തുടങ്ങി. ഒരുതരത്തിൽ രക്ഷപ്പെട്ടോടിയ എഡ്വാർഡ് പോലീസ് വാഹനത്തിന് മുന്നിലേക്കാണ് എത്തിപ്പെട്ടത്. എഡ്വാർഡിൽ നിന്ന് വിവരം ശേഖരിച്ച പോലീസ് ഡാമറുടെ താമസസ്ഥലത്ത് എത്തി. അങ്ങനെയാണ് ജെഫ്രി ഡാമർ എന്ന സീരിയൽ കില്ലർ പിടിയിലാകുന്നത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ വെട്ടിയെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മനുഷ്യ തലകൾ, വീടിന്റെ പലഭാഗത്തായി മുറിച്ചിട്ടിരിക്കുന്ന ശരീരഭാഗങ്ങൾ മൃതദേഹങ്ങളുടെ വ്യത്യസ്ഥ ഫോട്ടോഗ്രാഫുകൾ എന്നിവ ലഭിച്ചു. ഫ്രീസറിൽ മനുഷ്യഹൃദയങ്ങളും സൂക്ഷിച്ചിരുന്നു. ഏഴ് തലയോട്ടികളാണ് വീട്ടിനുള്ളിൽ നിന്ന് ലഭിച്ചത്. മെഴുകുതിരികളും തലയോട്ടികളും വച്ച് ഒരു ബലിപീഠവും വീട്ടിൽ നിർമിച്ചിരുന്നു. ഇതിൽ ഒരു മൃതദേഹം മാത്രം ഏറ്റവും മനോഹരമായി ഇയാൾ സൂക്ഷിച്ചിരുന്നു. ഡാമറിന് ഏറ്റവും കൂടുതൽ ലൈംഗിക താൽപര്യം തോന്നിയ വ്യക്തിയാണിത്. അയാളെ പിന്നീടും കണ്ടുകൊണ്ടിരിക്കാൻ ആഗ്രഹിച്ചു. മൃതദേഹത്തിൽ തലോടി സ്വയംഭോഗം ചെയ്യും. ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന മരവിച്ച തലകളുമായി ഓറൽ സെക്സ് ചെയ്യും. മൃതദേഹത്തിനൊപ്പം കിടക്കുകയും ലൈംഗികബന്ധം നടത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.
15 ജീവപര്യന്ത്യ ശിക്ഷകളാണ് കോടതി ഈ കൊടുംകുറ്റവാളിക്ക് വിധിച്ചത്. ജയിലിൽ ആയിരുന്ന സമയങ്ങളിൽ ഡാമർ തന്റെ കുറ്റകൃത്യങ്ങളിൽ കുറ്റബോധം പ്രകടിപ്പിച്ചിരുന്നതായും മരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും പറയുന്നു. ബൈബിൾ വായിക്കാൻ ആരംഭിച്ച അയാൾ ഇനിയും ഒരു ക്രിസ്ത്യൻ ആയിതന്നെ ജനിക്കാനും ആഗ്രഹിച്ചു. ജയിലിൽ വച്ച് രണ്ട് തവണ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായി. ആദ്യ തവണ കഴുത്തിന് ആഴത്തിൽ മുറിവേറ്റു. മറ്റൊരു ആക്രമണത്തിൽ 1994 നവംബർ 28ന് ഡാമർ കൊല്ലപ്പെട്ടു. പോലീസിനെതിരെ ശക്തമായ വിമർശനങ്ങളും അക്കാലത്ത് ഉണ്ടായി. ആളുകൾ കാണാതായ സംഭവങ്ങൾ അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തി. കൊല്ലപ്പെട്ടവരിൽ അധികവും സ്വർവർഗാനുരാഗികളും പുരുഷൻമാരും ന്യൂനപക്ഷങ്ങളും ആയതിനാൽ മിസിങ് കേസുകൾ പൊലീസ് അന്വേഷിച്ചില്ലെന്നായിരുന്നു വിമർശനം.
ഇലന്തൂർ ഇരട്ടനരബലിക്കേസിലെ മുഖ്യ ആസൂത്രകൻ ഷാഫി
ഐശ്വര്യലബ്ധിക്കെന്ന പേരിലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി (49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്. അതിക്രൂരമായാണ് പത്മയെയും റോസ്‌ലിനെയും മുഖ്യപ്രതിയായ മുഹമ്മദ് ഷാഫിയും ഭഗവൽ സിങ്ങും ലൈലയും ചേർന്ന് കൊലപ്പെടുത്തിയത്. ഷാഫി മറ്റ് പ്രതികളെ കൊണ്ട് മൃതദേഹങ്ങൾ വെട്ടിതുണ്ടമാക്കി. സ്വകാര്യഭാഗങ്ങളിൽ ക്രൂരമായി മുറിവേൽപിക്കാൻ ഭഗവൽ സിങ്ങിനോടും ലൈലയോടു നിർദേശിച്ചു. 56 കഷ്ണങ്ങളാക്കിയാണ് ശരിരാവശിഷ്ടങ്ങൾ മറവ് ചെയ്തത്. കുഴിമാടത്തിന് മുകളിൽ മഞ്ഞൾ കൃഷിയും തുടങ്ങി.
കൊടുക്രിമിനൽ ആയ ഷാഫി വ്യക്തമായ സ്കെച്ച് ഇട്ടാണ് ഓരോ പദ്ധതിയും തയ്യാറാക്കിയത്. വിശ്വാസ്യത പിടിച്ചുപറ്റി അവർ പോലും അറിയാതെ വലയിലാക്കും. സാമ്പത്തിക സ്ഥിതി മോശമായ അന്വേഷിച്ചുവരാൻ അധികം ബന്ധുക്കളില്ലാത്തവരെയാണ് പ്രധാനമായും വലയിൽ വീഴ്ത്താൻ ശ്രമിച്ചത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. ശ്രീദേവി എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഭഗവൽ സിങുമായി അടുപ്പം സ്ഥാപിച്ചത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പത്മയെ 15,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഭഗവൽ സിംഗിന്റെ വീട്ടിലെത്തിച്ചത്. ഈ വർഷം ജൂൺ മാസത്തിലാണ് ഷാഫി റോസ്ലിനെ സിനിമയിൽ അഭിനയിച്ചാൽ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഇതേ വീട്ടിലെത്തിച്ചത്.
വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് പത്മ ഷാഫിയോട് പണം ആവശ്യപ്പെട്ടു. തുടർന്ന് വാക്ക് തർക്കമായി. തർക്കത്തെ തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് ചരടു കൊണ്ട് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. അബോധാവസ്ഥയിലായ പത്മത്തെ മറ്റൊരു മുറിയിലേക്ക് മാറ്റി . ഇവിടെ വെച്ചാണ് പത്മയെ അതിമൃഗീയമായി ഉപദ്രവിച്ചത് . ഒന്നാം പ്രതി ഷാഫി പത്മയുടെ രഹസ്യ ഭാഗത്തേക്ക് കത്തി കുത്തി കയറ്റി, അതേ കത്തി വലിച്ചൂരി കഴുത്തറുത്ത് കൊലപ്പെടുത്തി. ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയും ചേർന്ന് മൃതദേഹത്തിന്റെ കൈകളും കാലുകളും വെട്ടിമാറ്റി . ശരീര ഭാഗങ്ങൾ 56 കഷ്ണങ്ങളാക്കി. ഇവ ബക്കറ്റിലാക്കി വീടിന് സമീപത്തെ പറമ്പിൽ നേരത്തെ കുഴിച്ച കുഴിയിൽ കൊണ്ടിട്ടു. റോസിലിനെ അശ്ലീല സിനിമ ചിത്രീകരിക്കാൻ എന്ന വ്യാജേന കട്ടിലിൽ കൈ കാലുകൾ ബന്ധിച്ച് കിടത്തി. വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചു. മൂന്നാം പ്രതി ലൈല ജീവനോടെ തന്നെ റോസ്ലിന്റെ രഹസ്യ ഭാഗത്ത് കത്തി കുത്തിയിറക്കി ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ഭഗവൽ സിംഗ് റോസ്ലിന്റെ മാറിടം അറത്തു മാറ്റി. പിന്നീട് മൂന്നു പേരും ചേർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടു .
ക്രൂരമായ പീഡനത്തിന് ശേഷം ഹൃദയഭാഗത്തെ മാംസ കഷ്ണങ്ങൾ പ്രത്യേകം മുറിച്ചെടുത്ത് മൂന്ന് പേരും ഭക്ഷിച്ചെന്നാണ് വിവരം. മാംസം പച്ചയ്ക്ക് ഭക്ഷിച്ചാല്‍ നല്ലതാണെന്നും പാകം ചെയ്ത് കഴിച്ചാലും കുഴപ്പമില്ലെന്നും ഷാഫി ഭഗവൽസിങിനോടും ലൈലയോടും പറഞ്ഞു. പൂജയ്ക്കു ശേഷമുള്ള പ്രസാദം ആണെന്നും ആയുരോരോഗ്യത്തിന് വേണ്ടി ഇരകളുടെ മാംസം ഭക്ഷിക്കാനുമാണ് ഷാഫി പറഞ്ഞത്. പച്ചയ്ക്ക് മാംസം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പാചകം ചെയ്ത് കഴിച്ചാലും മതിയെന്ന് നിർദേശിച്ചു. പാചകം ചെയ്ത മാംസം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും നടന്നില്ല. പ്രതികളുമായി വീട്ടിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ രക്തക്കറ കണ്ടെത്തി. 10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചതിന് സൂചന ലഭിച്ചു. ഫ്രീസറിൽ സൂക്ഷിച്ച മാംസ് പിന്നീട് മറ്റൊരു കുഴിയിൽ ഉപേക്ഷിച്ചെന്നും കണ്ടെത്തൽ. സ്ത്രീകളുടെ ആന്തരിക അവയവങ്ങളും മാറിടവും കുക്കറില്‍ വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി ലൈല വെളിപ്പെടുത്തി. ശാസ്ത്രീയ പരിശോധനയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ രക്തക്കറ കണ്ടെത്തി. ഫ്രിഡ്ജില്‍ നിന്ന് ഷാഫിയുടെ വിരലടയാളവും കിട്ടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതി ഷാഫിയെ സൈക്കോപാത്ത് എന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വിശേഷിപ്പിച്ചത്. ഇരകളെ മൃഗീയമായി പീഡിപ്പിക്കുന്ന മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റ്. മുമ്പ് പത്തോളം കേസുകളിൽ പ്രതിയായ ഷാഫി വൃദ്ധയെ പീഡനത്തിന് ഇരയാക്കുകയും സ്വകാര്യഭാഗങ്ങളിൽ അടക്കം മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...