കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ അന്വേഷണം ക്രൈംബ്രാഞ്ച് താത്കാലികമായി അവസാനിപ്പിച്ചു. ശാസ്ത്രീയ പരിശോധനാ ഫലത്തിൻറെ അഭാവമാണ് അന്വേഷണം നിർത്താൻ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്ന കാര്യം. കൃത്യമായി പറഞ്ഞാൽ ശ്രദ്ധയുടെ മരണം നടന്നിട്ട് ഒരു മാസമാവുകയാണ്. അതേസമയം കോളേജിൽ പൊലീസ് സുരക്ഷ തുടരുകയാണ്.
അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) ജൂൺ രണ്ടിനാണ് കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ALSO READ: Crime News: മകളുടെ വിവാഹ ദിനത്തിൽ വിവാഹപ്പന്തലിലിട്ട് പിതാവിനെ അടിച്ചുകൊന്നു; നാല് പേർ കസ്റ്റഡിയിൽ
ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രദ്ധയുടെ മരണത്തിലെ കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് കോളേജിൽ നടന്നത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കോളജ് താത്ക്കാലികമായി അടച്ചിട്ടു. തുടർന്ന് കോളജ് മാനേജ്‌മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളജിന് സംരക്ഷണം തേടുകയും ചെയ്തു. പിന്നീട്, ജൂൺ 12ന് കോളജ് വീണ്ടും തുറന്നു.
അതേസമയം ശ്രദ്ധയുടെ മരണത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണം കോളേജ് അധികൃതർ തള്ളിയിരുന്നു.ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു. കുട്ടി വീട്ടിൽ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ശ്രദ്ധയുടെ പരീക്ഷാ റിസൾട്ട് ഒന്നാം തീയതി വന്നപ്പോൾ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നും അധികൃതർ വാദം ഉന്നയിച്ചിരുന്നു.