കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവന്റെ മൊഴി രേഖപ്പെടുത്തുന്നു. കാവ്യയുടെ ആലുവയിലുള്ള വീട്ടിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. എസ്പി മോഹനചന്ദ്രന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുക്കുന്നത്. ആദ്യം നടിയെ ആക്രമിച്ച കേസിലും പിന്നീട് വധഗൂഢാലോചന കേസുമായും ബന്ധപ്പെട്ട വിവരങ്ങൾ കാവ്യയിൽ നിന്ന് അന്വേഷണ സംഘം തേടും.
നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് നോട്ടീസ് നൽകിയിരുന്നത്. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിന് വഴിയൊരുക്കിയ പീഡനത്തിന് കാരണമെന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെ തുടർന്നാണ് കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 നകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. നേരത്തെ കേസിന്റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.