പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പന്ത്രണ്ടാം ഗഡു ഉടൻ കർഷകരുടെ കൈയിൽ എത്തും. എന്നാൽ ഇ - കെവൈസി പൂർത്തിയാക്കിയവർക്ക് മാത്രമേ പദ്ധതിയുടെ പന്ത്രണ്ടാം ഗഡു ലഭിക്കുകയുള്ളൂ. ഇ - കെവൈസി പൂർത്തിയാക്കാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഇ - കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അടുത്ത ഒരു മാസത്തിനുള്ളിൽ തന്നെ പദ്ധതിയുടെ പന്ത്രണ്ടാം ഗഡുവിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള പന്ത്രണ്ടാം ഗഡു പ്രകാരമുള്ള പണം കർഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 12-ാം ഗഡുവായി 2000 രൂപയാണ് ലഭിക്കുന്നത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായമായി പ്രതിവർഷം 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നത്. ഈ വര്ഷം മെയ് 31 ന് പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ 11-ാം ഗഡു കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. ജൂലൈ 31 ന് ശേഷം ഇ-കെവൈസി അപ്ഡേറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കർഷകരെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ലാണ് കേന്ദ്ര സർക്കാർ കർഷകർക്കായുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്. പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കർഷകർക്ക് 6,000 രൂപ വീതം ലഭിക്കും. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകർക്ക് ലഭിക്കുന്നത്. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി ആരംഭിച്ചപ്പോൾ 2 ഹെക്ടറുകൾ വരെ മാത്രം ഭൂമിയുള്ളവർക്കാണ് ഈ പദ്ധതി പ്രകാരം പണം ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് എല്ലാ കർഷകരെയും ഈ പദ്ധതിക്ക് അർഹരാക്കിയിരുന്നു.
ALSO READ: Best Saving Schemes: പോസ്റ്റോഫീസ് ? എസ്ബിഐ? എവിടെ നിക്ഷേപിച്ചാൽ ഗുണം
പിഎം കിസാന്റെ ഇ-കെവൈസി പൂർത്തിയാക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1 : പിഎം കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://pmkisan.gov.in/ സന്ദർശിക്കുക.
സ്റ്റെപ് 2 : ഹോംപേജിന്റെ വലത് വശത്തായി ഇ-കെവൈസി എന്ന ഓപ്ഷനുണ്ട്.
സ്റ്റെപ് 3 : നിങ്ങളുടെ ആധാർ കാർഡിന്റെ നമ്പറും, ക്യാപ്ടച്ച കോഡും നൽകി. സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യണം.
സ്റ്റെപ് 4: നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ നൽകണം.
സ്റ്റെപ് 5 : അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. അത് നൽകണം. ഇതോട് കൂടി നിങ്ങളുടെ ഇ-കെവൈസി പൂർത്തിയാകും.
പിഎം കിസാന്റെ ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ എന്തെങ്കിലും പ്രശ്‌നം നേരിട്ടാൽ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തിയാൽ സഹായം ലഭിക്കും. അടുത്തുള്ള സർവീസ് സെന്ററുകൾ മുഖേന ഓഫ്‌ലൈനായും പിഎം കിസാൻ സമ്മാൻ നിധി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ കിസാൻ സമ്മാൻ നിധി അക്കൗണ്ടിന്റെ വിവരങ്ങളും, ആധാർ കാർഡുമായി സർവീസ് സെന്ററുകൾ സന്ദർശിച്ചാൽ മതി.
പിഎം കിസാൻ യോജന ടോൾ ഫ്രീ നമ്പർ: 011-24300606,
പിഎം കിസാൻ ഹെൽപ്പ് ലൈൻ നമ്പർ: 155261
പ്രധാനമന്ത്രി കിസാൻ യോജന ഇമെയിൽ ഐഡി: ഇ-മെയിൽ ഐഡി: pmkisan-ict@gov.in
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...