തിരുവനന്തപുരം: ഈ വർഷത്തെ വിഷു ബമ്പർ അടിച്ച ആ ഭാഗ്യശാലിയെ തേടുകയാണ് കേരളക്കര. ആരാകും ആ പത്ത് കോടിയുടെ ഉടമ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇത്തവണ ഒന്നാം സമ്മാനം അടിച്ചത് തിരുവനന്തപുരം പഴവങ്ങാടിയിലെ ചൈതന്യ ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ്. എന്നാൽ ഇപ്രാവശ്യം സംസ്ഥാന സർക്കാരിനും ബമ്പർ അടിച്ചിരിക്കുകയാണ്. കാരണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി ലാഭമാണ് ഇത്തവണത്തെ വിഷു ബമ്പറിലൂടെ സർക്കാരിന് ലഭിച്ചിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള നറുക്കെടുപ്പ് ആയത് കൊണ്ട് തന്നെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ഇത്തവണത്തെ വിൽപ്പനയിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഇത്തവണ 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 43,69,202 ടിക്കറ്റുകൾ വിറ്റഴിഞ്ഞുവെന്നാണ് ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം അറിയാൻ കഴിയുന്നത്. ഇതിലൂടെ ഏകദേശം 1,092,300, 500 രൂപയുടെ വരുമാനവും സർക്കാരിന് ലഭിച്ചു. കഴിഞ്ഞ വർഷം അച്ചടിച്ച 22,80,000 ടിക്കറ്റുകളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 250 രൂപയാണ് ടിക്കറ്റിന്റെ വില.
ഇന്നലെ (മെയ് 22) ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇത്തവണത്തെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നത്. ദമ്പതികളായ രംഗനും ജസീന്തയുമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ടിക്കറ്റ് വിറ്റത്. അതേസമയം ടിക്കറ്റ് വാങ്ങിയ ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എച്ച്.ബി 727990 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപത്തുള്ള ചൈതന്യാ ലക്കി സെന്ററിൽ നിന്ന് വിൽക്കാനായി കൈമാറിയ ലോട്ടറിയ്ക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. മെയ് പതിനാലാം തിയ്യതിയാണ് ഭാഗ്യക്കുറി നൽകിയത്.
ചേർത്തലയിൽ ജയാനന്ദ ഭട്ട് എന്ന ഏജൻറ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ. ടിക്കറ്റ് നമ്പർ 1B 117539.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...