ന്യൂ ഡൽഹി : രാജ്യത്ത് ബൾക്കായി വാങ്ങുന്ന ഡീസലിന് 25 രൂപ വില വർധിപ്പിച്ചു. റഷ്യ യുക്രൈൻ പ്രതിസന്ധി നിലനിൽക്കെ അന്തരാഷ്ട്ര തലത്തിൽ ഉയർന്ന ക്രൂഡോയിൽ വിലയുടെ പശ്ചാതലത്തിലാണ് രാജ്യത്തെ ബൾക്ക് പർച്ചേസിന് വില വർധിപ്പിച്ചിരിക്കുന്നത്. അതേസമയം റീടെയിൽ വില കഴിഞ്ഞ 136 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്.
പൊതുമേഖല ബസ് സർവീസുകൾ, വലിയ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ വൻ തോതിൽ ഡീസൽ-പെട്രോൾ ഉപഭോഗം വരുന്ന വിഭാഗത്തിൽ പെടുന്നവർ സാധാരണയായി പമ്പിൽ നിന്നും വാങ്ങിക്കാതെ നേരിട്ട് എണ്ണക്കമ്പനികളിൽ ഇന്ധനമെത്തിച്ച് ഉപയോഗിക്കുന്നവരെയാണ് ബൾക്ക് ഉപഭോക്താക്കൾ എന്ന് വിളിക്കുന്നത്. മാർച്ച് മാസത്തിൽ ബൾക്ക് ഉപഭോക്താക്കളെക്കാൾ അപേക്ഷിച്ച് പെട്രോൾ പമ്പ് വഴിയുള്ള ഇന്ധന വിൽപ്പന അഞ്ചിലൊന്നായി വർദ്ധിച്ചിരുന്നു. ഇതെതുടർന്ന് സ്വകാര്യ എണ്ണ കമ്പനികളായ നയാരാ എനർജി, ജിയോ ബിപി, ഷെൽ എന്നിവർക്ക് നഷ്ടം സംഭവിച്ചിരുന്നു.
ALSO READ : Diesel Price Hike : കെഎസ്ആർടിസിക്കുള്ള ഡീസലിന്റെ വിലയിൽ ലിറ്ററിന് 21 രൂപ വർധന; സർക്കാർ ഹൈക്കോടതിയെ സമീപിച്ചു
വില വർധനവിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈ നഗരത്തിൽ 94.14 രൂപയായിരുന്ന ബൾക്ക് പർച്ചേസിന്റെ വില ഇന്ന് 122.05 ആയി ഉയർന്നു. ഡൽഹിയിൽ അത് 115 രൂപയായിട്ടാണ് ഉയർന്നിരിക്കുന്നത്. നേരത്തെ 86.67 രൂപയ്ക്കായിരുന്നു ബൾക്കായി എടുക്കുന്ന ഡീസലിന് എണ്ണക്കമ്പനികൾ ഈടാക്കിയിരുന്നത്.
കഴിഞ്ഞ ദിവസം ബൽക്ക് പർച്ചേസിലുള്ള ഇന്ധനത്തിന് വില വിർധപ്പിച്ചതിനെതിരെ കെഎസ്ആർടിസി സംസ്ഥാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ ഒറ്റയടിക്ക് വർധിപ്പിച്ചതിനെതിരെയാണ് ഹർജി. ഈ വില വർദ്ധനവ് കെഎസ്ആർടിസിക്ക് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
ALSO READ : Petrol Diesel Price Hike : ശ്രീലങ്കയിൽ പെട്രോളിന് ഒറ്റദിവസം കൊണ്ട് വർധിച്ചത് 77 രൂപ; ഡീസലിന് 55 രൂപ
ബൾക്ക് പർച്ചേസിൽ ഉൾപ്പെടുത്തിയാണ് എണ്ണവില വർധിപ്പിച്ചിരിക്കുന്നത്. മുമ്പ് ഐഒസി ലിറ്ററിന് 7 രൂപ കൂട്ടിയിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ഹൈകോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഈ ഹർജി നിലനിൽക്കുമ്പോഴാണ്, എണ്ണക്കമ്പനികൾ വീണ്ടും ഡീസൽ വില വൻ തോതിൽ വർധിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.