മുംബൈ: ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സമ്പന്നന്‍ ആയിരുന്നു അനില്‍ ധീരുബായ് അംബാനി എന്ന അനില്‍ അംബാനി. എന്നാല്‍, നാല് വര്‍ഷം മുമ്പേ ഇതേ അനില്‍ അംബാനിയെ യുകെ കോടതി പാപ്പരായി പ്രഖ്യാപിച്ചു. അതായത് അനില്‍ അംബാനിയുടെ കൈവശം പത്ത് പൈസ പോലും ഇല്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ അന്നുമുതലേ പല സംശയങ്ങളും ഉണ്ടായിരുന്നു എന്നത് മറ്റൊരു വാസ്തവം.
എന്തായാലും ഇപ്പോള്‍ പറയാന്‍ പോകുന്നത് ആ പഴങ്കഥകള്‍ അല്ല. മോദി 3.0 യില്‍ അനില്‍ അംബാനിയുടെ സുവര്‍ണകാലം ആണോ വരാന്‍ പോകുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ്. അനിലിന്റെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് പവറിന്റെ ഓഹരി മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണുന്നത്.
മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായതോടെയാണ് ഇങ്ങനെ ഒരു പ്രതിഭാസം കാണപ്പെട്ടത്. ഊര്‍ജ്ജ മേഖലയ്ക്ക് ആയിരിക്കും അടുത്ത അഞ്ച് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുക എന്ന സൂചന പുറത്ത് വന്നത് തന്നെയാണ് കാരണം. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അനില്‍ അംബാനി മാര്‍ക്കറ്റ് ലീഡര്‍ ആകുമോ എന്ന ചര്‍ച്ചകളും പുറത്ത് വന്നുതുടങ്ങിയിട്ടുണ്ട്.
2008 ല്‍ 274 രൂപ വിലയുണ്ടായിരുന്നു റിലയന്‍സ് പവറിന്റെ ഒരു ഓഹരിയ്ക്ക്. എന്നാല്‍ പിന്നീടത് ഇടിഞ്ഞ് തകര്‍ന്ന് 1.20 രൂപ എന്ന നിലയിലേക്ക് വരെ എത്തി. പെന്നി സ്റ്റോക്കുകളുടെ ഗണത്തിലേക്ക് റിലയന്‍സ് പവര്‍ താഴ്ത്തപ്പെട്ടു എന്നര്‍ത്ഥം. 2020 മാര്‍ച്ചില്‍ ആയിരുന്നു റിലയന്‍സ് പവറിന്റെ ഓഹരിമൂല്യം അത്രത്തോളം ഇടിഞ്ഞത്. എന്തായാലും കഴിഞ്ഞ അഞ്ച് ദിവസമായി റിലയന്‍സ് പവര്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. 31.54 രൂപ വരെ ഓഹരി വില ഉയര്‍ന്നു കഴിഞ്ഞു.
എന്നാല്‍ ഇതുകൊണ്ട് അനില്‍ അംബാനി പഴയതുപോലെ ശക്തനായി തിരിച്ചുവരും എന്നൊന്നും കരുതാന്‍ ആകില്ല. റിലയന്‍സ് പവര്‍ ഇപ്പോള്‍ ഒരു 'ഡെബ്റ്റ് ഫ്രീ' കമ്പനി ആണെന്നതാണ് അനിലിന് മുന്നിലുള്ള ഏറ്റവും വലിയ സാധ്യത. ഇത് ദീര്‍ഘകാല നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിച്ചേക്കും. എന്നിരുന്നാലും അടുത്ത രണ്ട് മൂന്ന് സാമ്പത്തിക പാദങ്ങളില്‍ കമ്പനിയുടെ പ്രകടനം എങ്ങനെയാകും എന്നതിന് അനുസരിച്ചായിരിക്കും ഇത്തരം നിക്ഷേപങ്ങള്‍ എല്ലാം വരിക.
എന്തായാലും ഒരു കാലത്ത് അനില്‍ അംബാനി ഇന്ത്യന്‍ കോടീശ്വരന്‍മാരിലെ ഹീറോ ആയിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗവും ആയിരുന്നു. എന്നാല്‍ അനില്‍ നടത്തിയ ബിസിനസ് നീക്കങ്ങള്‍ പലതും പാളിപ്പോയി. അതില്‍ ഏറ്റവും പ്രധാനം ടെലികമ്യൂണിക്കേഷന്‍ രംഗത്ത് നടത്തിയ നിക്ഷേപം ആയിരുന്നു. അഞ്ഞൂറ് രൂപയ്ക്ക് മൊബൈല്‍ ഫോണും കണക്ഷനും അവതരിപ്പിച്ച് വിപ്ലവം സൃഷ്ടിച്ച അനിലിന് അത് ലാഭകരമാക്കാന്‍ കഴിഞ്ഞതേയില്ല. അതിന് പിറകെ നടത്തിയ പല നിക്ഷേപങ്ങളും പൊളിഞ്ഞു. റിലയന്‍സ് എഡിഎ ഗ്രൂപ്പ് രൂപീകരിച്ചതിന് പിറകെ വിപണി മൂലധനം 90 ശതമാനം ആണ് ഇടിഞ്ഞത്.
അതിന് ശേഷം പലപ്പോഴായി അനില്‍ തിരികെ വരാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. മൂത്ത സഹോദരന്‍ മുകേഷ് അംബാനി പലപ്പോഴും രക്ഷക്കെത്തിയെങ്കിലും കരകയറുക എന്നത് അസംഭവ്യം എന്ന നിലയിലേക്ക് എത്തപ്പെട്ടിരുന്നു. ഇതിനിടെ ലോണ്‍ തിരിച്ചടവുകള്‍ മുടങ്ങിയത് വലിയ നിയമ കുരുക്കുകളിലേക്കും നീങ്ങി. റിലയന്‍സ് കമ്യൂണിക്കേഷന്‍സും എറിക്‌സണും തമ്മിലുള്ള ഇടപാടിലുള്ള ബാധ്യത അനിലിനെ ജയിലിലേക്ക് അയക്കേണ്ടതായിരുന്നു. മുകേഷ് അംബാനിയുടെ സാമ്പത്തിക സഹായത്തിലാണ് അന്ന് ജയിലില്‍ ആകാതെ രക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy