വിഷു 2023: ലോകമെങ്ങുമുള്ള മലയാളികൾ വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മലയാളികൾ വലിയ ആഘോഷത്തോടെ വരവേൽക്കുന്ന മലയാള പുതുവർഷമാണ് വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു. ഈ വർഷം ഏപ്രിൽ പതിനഞ്ചിനാണ് വിഷു ആഘോഷിക്കുന്നത്. കാർഷിക ഉത്സവമായാണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്. കണിയൊരുക്കിയും പുതു വസ്ത്രങ്ങൾ ധരിച്ചും മലയാളികൾ വിഷുവിനെ വരവേൽക്കുന്നു.
വിളവെടുപ്പിന്റെ ആഘോഷമായാണ് വിഷുവിനെ കണക്കാക്കുന്നത്. കണിയൊരുക്കിയും സദ്യ ഉണ്ടാക്കിയുമാണ് മലയാളികൾ വിഷു ആഘോഷിക്കുന്നത്. പുതുവർഷത്തിന്റെ ആരംഭമായാണ് വിഷുവിനെ കണക്കാക്കുന്നത്. പുതിയ കാർഷിക വൃത്തികൾക്ക് തുടക്കും കുറിക്കുന്നതും ഈ സമയത്താണ്. വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചാണ് വിഷുവിന് കണി ഒരുക്കുന്നത്. എങ്ങനെയാണ് ശരിയായി കണിയൊരുക്കേണ്ടതെന്ന് നോക്കാം.
വിഷുദിനത്തിന്റെ തലേന്ന് കുടുംബനാഥയോ കുടുംബത്തിലെ മുതിർന്ന ആളുകൾ ആരെങ്കിലുമോ വേണം കണിയൊരുക്കാൻ. കൃഷ്ണ വിഗ്രഹത്തിനോ ചിത്രത്തിനോ മുന്നിലാണ് കണിയൊരുക്കേണ്ടത്. കൃഷ്ണവിഗ്രഹത്തിൽ പൂ മാല ചാർത്തുന്നത് നല്ലതാണ്. ഓട്ടുരുളി, കണിവെള്ളരി, ചക്ക, നാളികേര മുറി, മാങ്ങ, കദളിപ്പഴം നാരങ്ങ, നെല്ലിക്ക, വിവിധ പഴവർഗങ്ങൾ, വാൽക്കണ്ണാടി, സ്വർണമാല, കണിക്കൊന്നപ്പൂക്കൾ, കസവുമുണ്ട്, ഗ്രന്ഥം, കുങ്കുമച്ചെപ്പ്, കൺമഷി, വെറ്റില, പാക്ക്, നാണയം, നവധാന്യങ്ങൾ, നിലവിളക്ക്, ഓട്ടുകിണ്ടി, പൂക്കൾ, കൊടിവിളക്ക് എന്നിവയാണ് കണിയൊരുക്കുന്നതിന് വേണ്ടത്.
ALSO READ: Vishu 2023: വിഷുവിനെ വരവേൽക്കാനൊരുങ്ങി മലയാളികൾ; വിഷുവിനെ സംബന്ധിച്ച ചരിത്രവും ഐതിഹ്യവും അറിയാം
പ്രപഞ്ചത്തിന്റെ പ്രതീകമായാണ് ഓട്ടുരുളിയെ കണക്കാക്കുന്നത്. ഓട്ടുരുളിയിൽ പകുതിയോളം ഉണക്കലരി നിറയ്ക്കുക. ആദ്യം കണിവെള്ളരി വയ്ക്കുക. പിന്നീട് ചക്ക, മാങ്ങ, നാളികേരം, നെല്ലിക്ക, നാരങ്ങ, കദളിപ്പഴം എന്നിവ വയ്ക്കുക. ചക്കയും നാളികേരവും ഗണപതിയുടെ ഇഷ്ടഭക്ഷണങ്ങൾ ആണ്. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയങ്കരമായ ഭക്ഷണങ്ങളാണ്. നാരങ്ങയും നെല്ലിക്കയും ലക്ഷ്മീ ദേവിയുടെ സങ്കൽപ്പത്തിലാണ് വയ്ക്കുന്നത്.
ഓട്ടുരുളിയുടെ നടുവിലായി വാൽക്കണ്ണാടി വയ്ക്കുക. വാൽക്കണ്ണാടിയിൽ സ്വർണമാല ചാർത്തുക. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ വേണ്ടിയാണ് വാൽക്കണ്ണാടി വയ്ക്കുന്നത്. പിന്നീട്, കണിക്കൊന്നപ്പൂക്കൾ വയ്ക്കുക. ഇതിന് തൊട്ടടുത്തായി ഓട്ടുതാലത്തിൽ കസവുമുണ്ട്, ഗ്രന്ഥാം എന്നിവ വയ്ക്കുക. പിന്നീട്, ഇതിൽ കുങ്കുമച്ചെപ്പ്, കൺമഷി എന്നിവ വയ്ക്കുക. പിന്നീട് വെറ്റില വച്ച് ഇതിൽ നാണയത്തുട്ടും പാക്കും വയ്ക്കുക. നവധാന്യങ്ങളും വയ്ക്കുന്നത് നല്ലതാണ്. സ്വർണവും നാണയങ്ങളും ലക്ഷ്മീ ദേവിയുടെ പ്രതീകമാണ്. ഗ്രന്ഥം സരസ്വതീ ദേവിയെ കുറിക്കുന്നു.
പിറ്റേന്നേക്കായി പീഠത്തിൽ നിലവിളക്കുവച്ച് എണ്ണയൊഴിച്ച് അഞ്ചുതിരിയിട്ട് വയ്ക്കുക. ഇതിന് മുന്നിലായി ഓട്ടുകിണ്ടിയിൽ ശുദ്ധജലം, സാമ്പ്രാണി, കൊടിവിളക്ക്, പൂക്കൾ എന്നിവയും ഒരുക്കി വയ്ക്കുക. നിലവിളക്കിന്റെ ദീപപ്രഭയുടെ നിഴൽ കൃഷ്ണ വിഗ്രഹത്തിൽ പതിക്കാത്ത രീതിയിലാവണം വിളക്ക് വയ്ക്കേണ്ടത്. വിഷുദിനത്തിൽ നിലവിളക്കിന്റെ വെളിച്ചത്തിൽ കൃഷ്ണനെയും കണിയും കണ്ടുണരുമ്പോൾ ഐശ്വര്യം നിറഞ്ഞ വർഷം ഉണ്ടാകുമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...